Connect with us

Kerala

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ലഭിച്ച മുന്നറിയിപ്പില്‍ ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും എന്നാണുള്ളത്. അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ്. നിലവില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ പൊടുന്നനെ കടലിലെ സാഹചര്യങ്ങള്‍ മോശമാകും എന്നതിനാല്‍ അതീവ ജാഗ്രത ആവശ്യമാണ്.

കരയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലെര്‍ട്ടുമാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ പൊതുവെ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും കുറച്ച് ദിവസം തുടരുമെന്നുമാണ് പ്രവചനം. അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും ഇടയാക്കും.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി വെക്കുന്നത് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് ശക്തിപ്പെടുന്ന സഹചര്യത്തില്‍ അടച്ചുറപ്പില്ലാത്തതും ശക്തമായ മേല്‍ക്കൂരയില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അതീവ ഗൗരവമായി പരിഗണിക്കണം.

അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുവാന്‍ നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം 24 മണിക്കൂറും കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് ഉണ്ടാകുന്ന ഘട്ടത്തില്‍ കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിക്കാനിടയുള്ള വൈദ്യുത മേഖലക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുകയും കെഎസ്ഇബിയോട് റിപ്പയര്‍ ആന്‍ഡ് റീസ്റ്റോറേഷന്‍ പ്രവര്‍ത്തികള്‍ക്കായി വിദഗ്ധ സംഘത്തെ പ്രത്യേകമായി തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയില്‍ അല്ല. അണക്കെട്ടുകളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. ശബരിമലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.