Connect with us

Kerala

അയ്യായിരത്തോളം വാർഡിൽ ബി ജെ പിക്ക് സ്ഥാനാർഥികളില്ല; ചിലയിടങ്ങളിൽ ബി ജെ പിക്കും യു ഡി എഫിനും പൊതു സ്വതന്ത്രർ

Published

|

Last Updated

പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമത്സരം ബി ജെ പിയും സി പി എമ്മും തമ്മിലാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെടുമ്പോഴും അയ്യായിരത്തോളം വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താതെ കളത്തിന് പുറത്തായി ബി ജെ പി. ഇതിന് പുറമേ ബി ജെ പിയും കോൺഗ്രസും ഒരേ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുന്ന വാർഡുകളും നിരവധി. വിജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർഥികളാകാൻ ഓരോ വാർഡുകളിലും നിരവധി പേരാണ് രംഗത്ത് വന്നതെന്നും ഇവരിൽ നിന്ന് തിരഞ്ഞെടുത്താണ് സ്ഥാനാർഥികളെ നിർത്തിയതെന്നും നേതാക്കൾ അവകാശപ്പെടുമ്പോഴാണ് ആയിരക്കണക്കിന് വാർഡുകളിൽ ബി ജെ പി സ്ഥാനാർഥികളില്ലാതെ മറ്റ് പാർട്ടികളെ പിന്തുണക്കുന്ന ഗതികേടിലെത്തി നിൽക്കുന്നത്. ഇതിനെതിരെ പാർട്ടിക്കിടയിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

പാലക്കാട് നാനൂറിൽപ്പരം വാർഡുകളിൽ ബി ജെ പി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. മലപ്പുറത്തെ എഴുനൂറ് വാർഡിലും കാസർകോട് ജില്ലയിൽ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 116 വാർഡുകളിലും കണ്ണൂരിലെ 1,684 തദ്ദേശ വാർഡിൽ 337 സീറ്റിലും ബി ജെ പി സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല.

രണ്ട് പഞ്ചായത്തിൽ ബി ജെ പിയില്ല

കണ്ണൂരിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 1,167 വാർഡുകളാണുള്ളത്. ഇവിടെ 243 വാർഡിലും 11 ബ്ലോക്ക് പഞ്ചായത്തിലെ 149ൽ 15 ഡിവിഷനിലും എട്ട് നഗരസഭയിലെ 289ൽ 79 വാർഡിലുമാണ് സ്ഥാനാർഥികളില്ലാത്തത്. രണ്ട് പഞ്ചായത്തിൽ ഒറ്റ വാർഡിൽ പോലും ബി ജെ പിക്ക് സ്ഥാനാർഥികളില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തിലാണ് ബി ജെ പിക്ക് സ്ഥാനാർഥികളില്ലാത്തത്.
കോഴിക്കോട്ടും വയനാട്ടിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ജില്ലയാണ് കോഴിക്കോട്. ഇവിടെ ഒന്പത് ഗ്രാമപഞ്ചായത്ത് വാർഡിലും രണ്ട് നഗരസഭാ വാർഡിലും ബി ജെ പി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. നൊച്ചാട് പഞ്ചായത്ത് 15, 16 വാർഡുകളിലും കടലുണ്ടി നാലാം വാർഡിലും കക്കോടി ഏഴാം വാർഡിലും മണിയൂർ ഒന്ന്. കിഴക്കോത്ത് 17, തിരുവള്ളൂർ 11, 13, 18 വാർഡുകളിലുമാണ് സ്ഥാനാർഥികളില്ലാത്തത്. നഗരസഭകളിൽ വടകര 29ാം വാർഡിലും കൊയിലാണ്ടി എട്ടാം വാർഡിലും സ്ഥാനാർഥികളില്ല. വയനാട്ടിൽ 74 വാർഡുകളിലാണ് പാർട്ടിക്ക് സ്ഥാനാർഥികളില്ലാത്തത്. ആകെയുള്ള 23 പഞ്ചായത്തിൽ 44 വാർഡുകളിൽ ബി ജെ പി മത്സരിക്കുന്നില്ല.

മലപ്പുറത്തെ 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ 190ൽ മാത്രമാണ് സ്ഥാനാർഥികളുള്ളത്. ജില്ലയിലെ പന്ത്രണ്ട് നഗരസഭകളിലെ 479 ഡിവിഷനിൽ 251 ഡിവിഷനിലും പാർട്ടി മത്സരിക്കുന്നില്ല. എറണാകുളത്തെ പല്ലാരി മംഗലം പഞ്ചായത്തിലെ 13 വാർഡിൽ ഒന്നിലാണ് എൻ ഡി എ മത്സരിക്കുന്നത്.
ആലപ്പുഴ നഗരസഭയിൽ വട്ടയാൽ, വാടയ്ക്കൽ, പവർഹൗസ്, ലജനത്ത്, വഴിച്ചേരി വാർഡുകളിൽ ബി ജെ പിക്ക് സ്ഥാനാർഥിയില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടണക്കാട് ഡിവിഷനിൽ ആസ്തി കാണിക്കാത്തതിനാൽ പത്രിക തള്ളി.
കോട്ടയത്ത് 204 മുനിസിപ്പൽ വാർഡിൽ ബി ജെ പി മത്സരിക്കുന്നത് 139 സീറ്റിൽ മാത്രമാണ്.

മുന്നണി രണ്ട്, സ്ഥാനാർഥി ഒന്ന്

പാലക്കാട് പൂക്കോട്ട്ക്കാവ് പഞ്ചായത്തിലെ പതിമൂന്ന് വാർഡിൽ നാലെണ്ണത്തിൽ ബി ജെ പിയും കോൺഗ്രസും സി പി എമ്മിനെതിരെ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണക്കുകയാണ്. രണ്ട് മുന്നണികളും ഇറക്കിയിട്ടുള്ള തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഇവരുടെ സ്വതന്ത്ര സ്ഥാനാർഥികൾ എന്ന പേരിലാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിന് പുറമേ മൂന്ന് വാർഡിൽ ബി ജെ പി മത്സരിക്കുന്നില്ല. ഇത്തരത്തിൽ പലയിടത്തും ഇരുപാർട്ടികളും സഖ്യമുണ്ടെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പ് കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം ഇത്തവണ നിർണായകമാണ്. പാർട്ടിക്കുള്ളിൽ ശോഭ സുരേന്ദ്രൻ വിഭാഗം തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ പടയൊരുക്കം നടത്തുന്നത് തടയാൻ മികച്ച വിജയം നേടിയേ പറ്റൂ. യു ഡി എഫിന് നിലവിലെ രാഷ്ട്രീയ സഹാചര്യത്തിൽ ഇടത് മുന്നണിയെ തോൽപ്പിക്കാത്ത പക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരും. കോൺഗ്രസ്- ബി ജെ പി അടവ് നയത്തിനെതിരെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കാനാണ് സി പി എം തീരുമാനം.