National
നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക് വെടിവെപ്പ്; രണ്ട് ജവാന്മാർക്ക് വീരമൃത്യു
		
      																					
              
              
            ശ്രീനഗർ | നിയന്ത്രണ രേഖയിൽ തുടർച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ രണ്ട് സെെനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നടന്ന വെടിവെപ്പിലാണ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്.
സുന്ദർബാനി സെക്ടറിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ യുവ സൈനികരായ പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌ബീർ സിംഗ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ പിന്നീട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരന്നു.
ഇന്നലെ പാക് സെെന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു സുബേദാറും സിവിലിയനും ജീ്വൻ നഷ്ടമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പൂഞ്ച് ജില്ലയിലെ കിർണി, കസ്ബ, ഷാപൂർ മേഖലകളിലാണ് പാകിസ്ഥാൻ മോർട്ടാർ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂഞ്ചിലെ ദിഗ്വാർ, മാൾട്ടി, ഡള്ളൻ പ്രദേശങ്ങളിലും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘനം നടത്തിയിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



