Connect with us

Kerala

മലപ്പുറത്ത് യുവാക്കളെ കുത്തി വീഴ്ത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം |  പൂക്കോട്ടും പാടത്ത് യുവാക്കളെ കുത്തിവീഴ്ത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. പ്രതികളെ ആലപ്പുഴയില്‍ വെച്ചാണ് പിടികൂടിയത്. കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍,തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആലപ്പാടന്‍ സനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം19 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരില്‍ പുതുതായി തുടങ്ങുന്ന മൊബൈല്‍ ഷോപ്പിന്റെ ജോലിക്കായി വന്ന കോഴിക്കോട് സ്വദേശി മിഥുന്‍ സുഹൃത്ത് പൂക്കോട്ടുംപാടം തൊണ്ടി സ്വദേശി ചെമ്മല സബീല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
രാത്രി മിഥുന്‍ മാത്രം മുറിയിലുള്ളപ്പോഴാണ് പ്രതികള്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. തടയാന്‍ ശ്രമിച്ച മിഥുന്റെ തുടയില്‍ നാല് കുത്തേറ്റു.ശബ്ദം കേട്ട് ഓടിയെത്തിയ ചെമ്മല സബീലിന്റെ നെഞ്ചിനും സക്കീര്‍ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് നാട്ടുക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും 50000 രൂപ വിലവരുന്ന മൂന്നു മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ ആലപ്പുഴ ചേര്‍ത്തലയില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ചേര്‍ത്തല പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സക്കീറിനെതിരെ ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവര്‍ച്ച, വധശ്രമം, മാല പൊട്ടിക്കല്‍, അടിപിടി തുടങ്ങി പത്തോളം കേസുകള്‍ നിലവിലുണ്ട്. സനൂപിനെതിരെ ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ആലുവ പോലീസ് സ്റ്റേഷനിലും കേസുണ്ട്.