Connect with us

International

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ വിടവാങ്ങി

Published

|

Last Updated

ബ്യൂണസ് അയേഴ്സ് | ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ഡീഗോ അർമാൻഡോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മദ്യാസക്തിയുമായി ബന്ധപ്പെട്ട ചികിത്സക്ക് വിധേയനായിരുന്നു. മറഡോണയുടെ നിര്യാണത്തെ തുടർന്ന് അർജൻറീനയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അര്‍ജന്റീനയുടെ മുന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും മാനേജറും കോച്ചുമൊക്കെയായി ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ തന്റെതായ കൈയൊപ്പ് ചാര്‍ത്തിയ മറഡോണ ലോകമൊന്നടങ്കമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു. മറഡോണയുടെ ക്യാപ്റ്റന്‍സിയിലാണ് 1986ലെ ലോകകപ്പ് അര്‍ജന്റീന നേടുന്നത്. “ദൈവത്തിന്റെ കൈ” എന്ന പേരില്‍ അദ്ദേഹത്തിന്റെ ഗോള്‍ ഏറെ പ്രശസ്തമാണ്.

1960 ഒക്ടോബർ 30 ന് അർജൻറീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് ഡീഗോ അർമാൻഡോ മറഡോണയുടെ ജനനം.  ദാരിദ്ര്യത്തിൻെറ കെെപ്പുനീർ കുടിച്ച ബാല്യത്തിൽ തന്നെ അദ്ദേഹം കാൽപന്തിനെ സ്നേഹിച്ച് തുടങ്ങിയിരുന്നു. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച മറഡോണക്ക് മുന്നിൽ പിൽക്കാലത്ത് ഫുട്ബോൾ ലോകം മുട്ടുകുത്തിനിന്നു.

കരുത്തുറ്റ മിഡ്‌ഫീൽഡറായിരുന്നു അദ്ദേഹം. 1978ൽ യൂത്ത് ലോകകപ്പ് നേടിയ അർജൻറീനയെ നയിച്ചതും മറഡോണ തന്നെ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് (1982, 86, 90, 94) കളിച്ചു. 1986ൽ അർജന്റീനയെ ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി. അര്‍ജന്റീനക്ക് വേണ്ടി 91 മത്സരങ്ങളില്‍ അദ്ദേഹം ബൂട്ടണിഞ്ഞു.

കരിയറിന്റെ രണ്ടാം പകുതിയില്‍ കൊക്കൈന് അടിമയായ അദ്ദേഹം 1991ല്‍ 15 മാസത്തേക്ക് വിലക്കിന് വിധേയനായി.  90ലെ ലോകകപ്പിന്റെ ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് പരാജയപ്പെട്ടു. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ മറഡോണ കുടുങ്ങിയത് ഫുട്‌ബോള്‍ പ്രേമികളില്‍ കനത്ത നിരാശ സമ്മാനിച്ചു. 37ാം ജന്മദിനത്തില്‍ 1997ലാണ് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 2008ലാണ് ദേശീയ ടീമിന്റെ മുഖ്യ കോച്ചായത്. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി.

 

 

 

 

Latest