Connect with us

Kerala

കേന്ദ്ര ഏജന്‍സികളുടെ ദുര്‍വിനിയോഗം: 25ന് എല്‍ ഡി എഫ് ബുഹജന കൂട്ടായ്മ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികളെ അട്ടിമാറിക്കാന്‍ ആസുത്രിത നീക്കം നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനും വികസനം തകര്‍ക്കാനും കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷത്തിന് ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ നവംബര്‍ 25 ന് വൈകുന്നേരം അഞ്ചിന് പഞ്ചായത്ത് – നഗരസഭാ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാ വികസന പദ്ധതികളും സ്തംഭിപ്പിക്കാന്‍ നോക്കുകയാണ്. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്-ബി വഴി വായ്പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ റിപ്പോര്‍ട്ട്. ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളുടെ ആധുനിക വത്ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ദേശീയപാത വികസനം, റോഡുകള്‍ – പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

എല്‍ ജെ ഡിയും കേരള കോണ്‍ഗ്രസ് എമ്മും മുന്നണി വിട്ടതോടെ യു ഡി എഫ് ശിഥിലമായി. രാഷ്ട്രീയ തിരിച്ചടിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട യു ഡി എഫ് നേതാക്കള്‍ പരിഭ്രാന്തരായിരിക്കുകയാണ്. യു ഡി എഫ് എന്നാല്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് മാത്രമാണ്. എന്നും അധികാരത്തിന് വേണ്ടി കുറുക്ക് വഴി തേടുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം ആരോപിച്ചു.

 

 

Latest