Connect with us

Kerala

മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍ സ്വര്‍ണക്കടത്ത് കേസുള്‍പ്പെടെ അട്ടിമറിക്കാന്‍ സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങുമെന്ന് വന്നപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, മയക്കുമരുന്നു കച്ചവടം തുടങ്ങിയവ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ സംഘടിതവും ആസൂത്രിതവുമായ പദ്ധതിയാണ് സര്‍ക്കാരും സി പി എമ്മും ചേര്‍ന്ന് തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തുകയാണ്. അന്വേഷണം തടയാന്‍ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആരോപണം നടത്തുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയിപ്പോള്‍ അത് വിഴുങ്ങിയിരിക്കുകയാണ്. ഇടതു മുന്നണിയുടെ അഴിമതി അന്വേഷണത്തിനെതിരായ സമരം ജനത്തെ കബളിപ്പിക്കാനല്ലാതെ മറ്റൊന്നിനുമല്ല. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളായ ശിവശങ്കറും സ്വപ്‌നയുമെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്.

അതേസമയം, ബിജു രമേശിന്റെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതില്‍ യാതൊരു ഭയവുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണിത്. മുമ്പ് മൂന്ന് തവണ അന്വേഷിക്കുകയും തെളിവില്ലെന്നു കണ്ട് ലോകായുക്ത ഉള്‍പ്പെടെ തള്ളിക്കളയുകയും ചെയ്ത കേസാണ്. അതിലാണ് വീണ്ടും പ്രാഥമികാന്വേഷണം നടത്തുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് കോഴ വാങ്ങുന്ന പാര്‍ട്ടിയല്ല. തന്നെ ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

Latest