Connect with us

Business

അടിയന്തരമായി 62,600 കോടി അടക്കണം, അല്ലെങ്കിൽ ജയിൽ; സുബ്രതാ റോയിയോട് സെബി

Published

|

Last Updated

ന്യൂഡല്‍ഹി | സഹാറ ചെയര്‍മാന്‍ സുബ്രതാ റോയിയോട് 62,600 കോടി രൂപ അടിയന്തരമായി അടക്കാന്‍ നിര്‍ദേശിക്കണമെന്നും അല്ലാത്തപക്ഷം പരോള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സെബി ഹരജി നല്‍കി. സഹാറ ഇന്ത്യ പരിവാര്‍ ഗ്രൂപ്പിന്റെ രണ്ട് കമ്പനികളുടെ ബാധ്യത 626 ബില്യന്‍ രൂപയാണ്. പലിശ അടക്കമാണിത്.

എട്ട് വര്‍ഷം മുമ്പ് 257 ബില്യന്‍ രൂപയായിരുന്നു ബാധ്യത. അന്ന് ഇത്രയും തുക സര്‍ക്കാറിലേക്ക് അടക്കാന്‍ സെബി നിര്‍ദേശിച്ചിരുന്നു. ഓഹരി വിപണി നിയമങ്ങള്‍ ലംഘിച്ച് 350 കോടി ഡോളര്‍ സഹാറ ഗ്രൂപ്പ് കമ്പനികള്‍ നേടിയതായി 2012ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ബേങ്കിംഗ് സൗകര്യങ്ങളില്ലാത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്നാണ് ഈ പണം സമാഹരിച്ചതെന്നാണ് സഹാറയുടെ വാദം.

നിക്ഷേപകരെ കണ്ടെത്താന്‍ സെബിക്ക് കഴിയാതെയും സഹാറ കമ്പനികള്‍ പണം അടക്കാതിരിക്കുകയും ചെയ്തതോടെ റോയിയെ ജയിലിലേക്ക് അയക്കുകയായിരുന്നു. അതേസമയം, സെബിയുടെ പുതിയ ആവശ്യം തീര്‍ത്തും തെറ്റാണെന്ന് സഹാറ പ്രതികരിച്ചു. 15 ശതമാനം പലിശ ശത്രുതാപരമായി കൂട്ടിച്ചേര്‍ത്തതാണെന്നും കമ്പനി ആരോപിച്ചു.

Latest