Connect with us

Kerala

കേന്ദ്ര ഏജന്‍സികളുടെ നീക്കം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച്; ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് നീക്കം നടത്തുന്നതായാണ് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ നിന്നും വ്യക്തമാവുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കിയും മറ്റും സംസ്ഥാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ മൊഴികളുണ്ടാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്ക് മേല്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇത് മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ രേഖയില്‍ നിന്നും വ്യക്തമാണ്. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തുന്നതായി നേരത്തെ, എം ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയ കാര്യവും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതായുള്ള വിവരങ്ങള്‍ അതീവ ഗൗരവതരമാണ്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തതിനും കൂടിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണിത്. ജനകീയ സര്‍ക്കാരിനെ ഒരുതരത്തിലും എതിര്‍ക്കാന്‍ കഴിയാത്ത ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലക്ക് ആയുധങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. നിയമവിരുദ്ധമായ ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും സി പി എം സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Latest