ഓക്‌സ്‌ഫോഡിന്റെ കൊവിഡ് വാക്‌സിന്‍ വയോജനങ്ങള്‍ക്ക് മികച്ചതെന്ന് പഠനം

Posted on: November 19, 2020 2:59 pm | Last updated: November 19, 2020 at 5:32 pm

ലണ്ടന്‍ | ആസ്ട്രസെനിക്ക കമ്പനിയുമായി സഹകരിച്ച് ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ മുതിര്‍ന്നവരില്‍ ശക്തമായ പ്രതിരോധശേഷിയുണ്ടാക്കിയെന്ന് പഠനം. പ്രാഥമിക പഠനം അനുസരിച്ചാണ് ഈ ഫലം. വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണ ഫലം വരും ആഴ്ചകളില്‍ പുറത്തുവിടും.

പ്രാഥമിക പഠനം ദി ലാന്‍സറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീവ്ര രോഗമുള്ള ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ പെട്ട വയോജനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ച ഷോട്ട് പ്രതിരോധ ശേഷി സൃഷ്ടിച്ചുവെന്നാണ് പഠനത്തിലുള്ളത്. ഈയടുത്ത മാസങ്ങളിലാണ് കുത്തിവെപ്പ് നടത്തിയത്.

നേരത്തേ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിന്‍ നേടിയ കാര്യക്ഷമത ആസ്ട്ര- ഓക്‌സ്‌ഫോഡ് വാക്‌സിനും പ്രകടിപ്പിക്കുമോയെന്ന് അറിയണമെങ്കില്‍ അന്തിമഘട്ട പരീക്ഷണ ഫലം പുറത്തുവരേണ്ടതുണ്ട്. ഇതിന് കാത്തിരിക്കുകയാണ് ഗവേഷകര്‍. ഫൈസറിന്റെത് 95ഉം മോഡേണയുടെത് 94ഉം ശതമാനം കാര്യക്ഷമത പ്രകടിപ്പിച്ചപ്പോള്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ 90 ശതമാനത്തിലേറെയും കാര്യക്ഷമത പ്രകടിപ്പിച്ചിരുന്നു.

ALSO READ  ശ്വാസകോശത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് എക്‌മോ; കൊവിഡ് രോഗിക്ക് പുതുജീവൻ