Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: മുഹമ്മദ് ഹനീഷ് ഐഎഎസിനേയും കേസില്‍ പ്രതി ചേര്‍ത്തു

Published

|

Last Updated

കൊച്ചി |  പാലാരിവട്ടം പാലം അഴിമതി കേസില്‍ കൂടുതല്‍ നടപടികളുമായി വിജിലന്‍സ്. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. നിര്‍മ്മാണ കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടു നിന്നുവെന്നും കരാറുകാരനില്‍ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ്സിന് എട്ടേക്കാല്‍ കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസ്സില്‍ അറസ്റ്റിസായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെ മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
അതേ സമയം മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു വിജിലന്‍സിന് ഹനീഷിന്‍ നല്‍കിയ മൊഴി നല്‍കിയത്.