Connect with us

Business

എ ആര്‍ കമ്പനി സ്‌കാപികിനെ ഏറ്റെടുത്ത് ഫ്ളിപ്കാര്‍ട്ട്

Published

|

Last Updated

ബെംഗളൂരു | ഓഗ്മെന്റഡ് റിയാലിറ്റി (എ ആര്‍) കമ്പനി സ്‌കാപികിനെ ഏറ്റെടുത്തതായി വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ട്. ഷോപ്പിംഗ് അനുഭവ സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ ഇ- വാണിജ്യ ഭീമന് സാധിക്കും. ഇതോടെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ വലിയ മത്സരത്തിനാകും നാന്ദി കുറിക്കുക.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കാപികിന്റെ 100 ശതമാനം ഓഹരികളും ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. വിശാലമായ ക്യാമറ അനുഭവങ്ങള്‍, വെര്‍ച്വല്‍ സ്റ്റോര്‍ഫ്രണ്ട്, ബ്രാന്‍ഡ് പരസ്യത്തിന് പുതിയ അവസരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നീക്കത്തിന്റെ പ്രതിഫലനങ്ങളാകും. അതേസമയം, ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

2017ല്‍ സായ് കൃഷ്ണ വി കെ, അജയ് പി വി എന്നിവരാണ് സ്‌കാപിക് സ്ഥാപിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി എന്നിവയുടെ നിര്‍മാണവും പ്രസിദ്ധീകരണവും നടത്തുന്ന ക്ലൗഡ് അടിസ്ഥാനത്തിലുള്ള സംവിധാനമാണ് സ്‌കാപിക് നല്‍കുന്നത്. ഇ- വാണിജ്യം, മാര്‍ക്കറ്റിംഗ് മേഖലയിലെ ഇടപാടുകാര്‍ക്കാണ് നിലവില്‍ കമ്പനിയുടെ സേവനം പ്രധാനമായും ലഭിക്കുന്നത്.