Connect with us

Editorial

ഇന്ത്യയില്ലാതെ ആര്‍ സി ഇ പി യാഥാര്‍ഥ്യമാകുമ്പോള്‍

Published

|

Last Updated

എട്ട് വര്‍ഷത്തെ നിരന്തര ചര്‍ച്ചകളുടെ പരിസമാപ്തിയാണ് ഞായറാഴ്ച വിയറ്റ്‌നാമില്‍ ഒപ്പുവെച്ച സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍ സി ഇ പി). കംബോഡിയയിലെ നോംപെനില്‍ 2012 നവംബറില്‍ നടന്ന 21ാം ആസിയാന്‍ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആസിയാന്‍ രാജ്യങ്ങളെയും അവയുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെയും ഒന്നിപ്പിച്ച് സ്വതന്ത്ര വ്യാപാര മേഖല രൂപവത്കരിക്കുക വഴി ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതല്‍ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമായി പറയപ്പെടുന്നത്. ബൗദ്ധിക സ്വത്തവകാശം, വിദേശ നിക്ഷേപം, തീരുവരഹിത ഇറക്കുമതി എന്നിവയാണ് കരാറിന്റെ മുഖ്യ വ്യവസ്ഥകള്‍. എന്നാല്‍ ഇന്ത്യയില്ലാതെയാണ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറെന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ സി ഇ പി നിലവില്‍ വന്നത്.

നേരത്തേ കരാറുമായി സഹകരിക്കാനും ഒപ്പുവെക്കാനും ഇന്ത്യ തീരുമാനിച്ചതായിരുന്നു. ഏഷ്യാ – പസഫിക് മേഖലയിലെ മിക്ക രാജ്യങ്ങളും കരാറിന്റെ ഭാഗമാകുന്നതോടെ കയറ്റുമതി വിപണിയില്‍ ഇന്ത്യ ഒറ്റപ്പെടുമെന്ന ഭീതിയിലായിരുന്നു സഹകരിക്കാന്‍ ഡല്‍ഹി സന്നദ്ധമായത്. രാജ്യത്തെ കര്‍ഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും നഖശിഖാന്തമുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്നീട് കരാറില്‍ നിന്ന് പിന്‍മാറിയത്. സാമ്പത്തിക മാന്ദ്യം തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിരിക്കെ ആര്‍ സി ഇ പി കരാറില്‍ ഒപ്പുവെക്കുന്നത് ഇന്ത്യക്ക് വിപരീതഫലം ചെയ്യുമെന്ന് വ്യാപാര, സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കരാറില്‍ പങ്കാളികളാകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ 2019 ഒക്ടോബര്‍ 30ന് കേരള നിയമസഭ പ്രമേയം പാസ്സാക്കുകയുമുണ്ടായി. ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അനുകൂലിച്ച ഈ പ്രമേയത്തിന് വോട്ട് ചെയ്യുന്നതില്‍ നിന്ന് ബി ജെ പി. എം എല്‍ എ. ഒ രാജഗോപാല്‍ മാത്രമാണ് വിട്ടുനിന്നത്.

നരേന്ദ്ര മോദിയുമായി അടുപ്പമുള്ള ഗുജറാത്തിലെ അമുല്‍ കമ്പനിയുള്‍പ്പെടെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട രാജ്യത്തെ കുത്തകകളുടെ ശക്തമായ എതിര്‍പ്പും ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. കരാര്‍ ഏറ്റവും തീവ്രമായി അനുഭവപ്പെടുക ക്ഷീരമേഖലയിലായിരിക്കും. ആസ്‌ത്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും മറ്റും ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്. ഇത്തരം വിദേശ ക്ഷീരോത്പന്നങ്ങളുടെ ഇറക്കുമതിക്ക് തടയിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ധവളവിപ്ലവം വിജയിപ്പിച്ചത്. കരാറില്‍ ഒപ്പിട്ടാല്‍ മേല്‍ രാജ്യങ്ങളില്‍ നിന്ന് പാല്‍, പാല്‍പ്പൊടി, വെണ്ണ, ബട്ടര്‍ ഓയില്‍, ചീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്യപ്പെടും. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു കിലോ പാല്‍പ്പൊടിക്ക് 350 രൂപ വരെ വിലയുണ്ട്. ന്യൂസിലാന്‍ഡ് ഉത്പന്നത്തിന് ഇതിന്റെ പകുതി വിലയേ വരൂ. മറ്റു ക്ഷീരോത്പന്നങ്ങളുടെ അവസ്ഥയും ഇതുതന്നെ. വില കുറവുള്ള ഈ ഉത്പന്നങ്ങള്‍ നമ്മുടെ വിപണിയെ കീഴടക്കിയാല്‍ ഇന്ത്യന്‍ വ്യവസായികളുടെയും കര്‍ഷകരുടെയും കാര്യം കഷ്ടത്തിലാകും.

ഗാട്ട് കരാര്‍, ആസിയാന്‍ വ്യാപാരക്കരാര്‍ ഉള്‍പ്പെടെ ആഗോളവത്കരണത്തിന്റെ ഭാഗമായി പല കരാറുകളിലും ഇന്ത്യ പങ്കാളിയായിട്ടുണ്ട്. ആത്യന്തികമായി ഇവയെല്ലാം ഇന്ത്യക്ക് ദോഷമേ വരുത്തിവെച്ചുള്ളൂ. രാജ്യത്തെ 64 ഉത്പാദന മേഖലകളില്‍ 52 എണ്ണത്തിന്റെയും കയറ്റുമതി വരുമാനം കൂപ്പുകുത്തുകയും വ്യാപാരക്കമ്മി വര്‍ധിക്കുകയും ചെയ്തുവെന്നതായിരുന്നു ആസിയാന്‍ കരാറിലെ പങ്കാളിത്തം മൂലം രാജ്യത്തിനുണ്ടായത്. 2010ല്‍ 500 കോടി ഡോളറായിരുന്ന ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി 2018 ആയപ്പോഴേക്കും 2,200 കോടി ഡോളറായി ഉയര്‍ന്നു. കുരുമുളക്, നാളികേരം, അടക്ക, റബ്ബര്‍ എന്നിങ്ങനെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഉത്പന്നങ്ങളുടെ വിലയിടിവിനും ഇത് ആക്കംകൂട്ടി. 2010-11 കാലത്ത് 4,800 കോടി ഡോളറിന്റെ കുരുമുളകാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ആസിയാന്‍ കരാറിനു ശേഷം 2015-16 വര്‍ഷത്തിലേത് 19,800 കോടി ഡോളറിന്റേതായി ഇത് ഉയര്‍ന്നു. ആഭ്യന്തര വില കിലോക്ക് 730 രൂപയില്‍ നിന്ന് 300 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. നിലവില്‍ ഇറക്കുമതിക്കു മേല്‍ 40 ശതമാനം വരെ തീരുവ ചുമത്താന്‍ ഡബ്ല്യു ടി ഒ കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശമുണ്ട്. ആര്‍ സി ഇ പിയില്‍ പങ്കാളികളായാല്‍ ഈ അവകാശം ഇല്ലാതാകും. തീരുവരഹിത ഇറക്കുമതിയാണ് കരാറിലെ ഒരു പ്രധാന വ്യവസ്ഥ. ചൈന, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ വര്‍ധിക്കുകയായിരിക്കും ഇതിന്റെ ഫലം.

135 കോടി വരുന്ന ഇന്ത്യയിലെ ജനസംഖ്യ ഏഷ്യാ- പസഫിക് മേഖലയിലെ ഏറ്റവും വലിയ വിപണിയാണെന്നിരിക്കെ കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റം ആര്‍ സി ഇ പിയിലെ അംഗരാജ്യങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. അമേരിക്കയുമായി വാണിജ്യ കരാറില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ചൈനക്ക് വിശേഷിച്ചും. ഇന്ത്യയെ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട് ചൈന. 2004-05 വര്‍ഷത്തില്‍ ചൈനീസ് വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 700 കോടി ഡോളറിന്റേതായിരുന്നെങ്കില്‍ 2017-18 ആയപ്പോഴേക്ക് ഇത് 7,600 കോടി ഡോളറിന്റേതായി കുത്തനെ ഉയര്‍ന്നു.

കരാറില്‍ ഒപ്പിട്ടാല്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഒഴുക്ക് ഇനിയും വന്‍തോതില്‍ ഉയരും. ഇന്ത്യ കരാറിന്റെ ഭാഗമാകുന്നില്ലെങ്കില്‍ നിരീക്ഷക പദവിയിലെങ്കിലും ഇരിക്കണമെന്ന ആവശ്യം ചൈന ഉള്‍പ്പെടെ ആര്‍ സി ഇ പി അംഗ രാജ്യങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ഭാവിയില്‍ എപ്പോഴും ഇന്ത്യക്ക് കടന്നുവരാവുന്ന വിധം തങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുളവായ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കരാര്‍ സഹായകമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുകയെന്നതായിരിക്കും കരാറിന്റെ ആത്യന്തിക പരിണതി. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ മറ്റാരേക്കാളും ഊര്‍ജിതമായി പ്രവര്‍ത്തിച്ചതും ബീജിംഗാണ്. പതിറ്റാണ്ടുകളായി അവര്‍ ഇതിനായി കരുക്കള്‍ നീക്കിവരികയായിരുന്നു.

---- facebook comment plugin here -----

Latest