Connect with us

Kerala

ശബരിമല: കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി കടകംപള്ളി

Published

|

Last Updated

ശബരിമല | ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നെന്ന മുന്‍ മിസോറാം ഗവര്‍ണ്ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കുകയെന്ന ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്നറിയില്ല. കാരണം ഇത് തീര്‍ഥാകടരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ ഇവിടെ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ശബരിമലയോടും വിശ്വാസത്തോടും കുമ്മനം രാജശേഖരന് അല്‍പമെങ്കിലും കൂറോ താത്പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

അതേസമയം, കോവിഡ് പോസിറ്റീവ് ആയവരെ അവര്‍ വരുന്ന വാഹനത്തില്‍ തന്നെ ശബരിമലയില്‍ നിന്ന് തിരിച്ചയക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ തിരിച്ചയക്കുമെന്നും മന്ത്രി വ്യക്തമാക്കി. അല്ലെങ്കില്‍ സര്‍ക്കാര്‍ അതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തിരികെ അയക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എഫ്.എല്‍.ടി.സികളിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. രണ്ട് കൊവിഡ് ആശുപത്രികള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും താല്പര്യമുള്ളവര്‍ക്ക് അവിടെ ചികിത്സ തേടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest