റഷ്യയുടെ സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം അടുത്തയാഴ്ച ഇന്ത്യയില്‍ തുടങ്ങും

Posted on: November 15, 2020 3:51 pm | Last updated: November 15, 2020 at 3:51 pm

കാണ്‍പൂര്‍ | കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കും. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. മെഡിക്കല്‍ വളണ്ടിയര്‍മാരിലായിരിക്കും ആദ്യപരീക്ഷണം.

ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേര്‍ന്നാണ് സ്പുട്‌നിക്ക് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം നടത്താന്‍ ഡോ. റെഡ്ഡി ലബോറട്ടറിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കോളജിന്റെ എത്തിക്‌സ് കമ്മിറ്റിയും പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ക്ലിനിക്കല്‍ പരീക്ഷണത്തിനായി 180 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി മെഡിക്കല്‍ കൊളജ് വൃത്തങ്ങള്‍ അറിയിച്ചു. ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സൗരഭ് അഗര്‍വാളായിരിക്കും വാക്‌സിന്റെ ഡോസ് നിശ്ചയിക്കുക. ആദ്യം ഒരു ഡോസ് നല്‍കിയ ശേഷം വളണ്ടിയര്‍മാരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ അടുത്ത ഡോസ് നല്‍കും. വളണ്ടിയര്‍മാരുടെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിച്ച് അവലോകനം ചെയ്താണ് വാക്‌സിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുക. ഏഴ് മാസം ഇത്തരത്തില്‍ നിരീക്ഷണം നടത്തും.