Connect with us

Ongoing News

സി എ ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി; രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | സി എ ജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത ചട്ടലംഘനമാണെന്നാണ് ആരോപണം. ധനമന്ത്രിയുടെ നടപടി സി എ ജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷം പറയുന്നു. എന്നാല്‍, വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.

കിഫ്ബിയെ തകര്‍ക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് ധനമന്ത്രി പറഞ്ഞത്. മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പകള്‍ അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കരട് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നും ധനമന്ത്രി ആരോപിച്ചിരുന്നു.
കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും അതിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളാണ് സി എ ജി റിപ്പോര്‍ട്ടിലുള്ളതെന്നും പ്രതിപക്ഷം പറയുന്നു.