Connect with us

National

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും; കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ഉടന്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം ഇതര സംസ്ഥാനങ്ങളെ പോലെ മഹാരാഷ്ട്രയിലും ആരാധനാ കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി ജെ പി പ്രചാരണം നടത്തിയിരുന്നു. ഇതിനെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയും പിന്തുണച്ചിരുന്നു.

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സ്‌കൂളുകളിലെ ഒമ്പതു മുതല്‍ 12 വരെ ക്ലാസുകള്‍ ദീപാവലിക്കു ശേഷം പുനരാരംഭിക്കുമെന്നും താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ സന്ദര്‍ശിക്കുമെന്നതിനാലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കാതിരുന്നതെന്ന് താക്കറെ പറഞ്ഞു. 60 വയസിനു മുകളിലുള്ളവരെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണിത്.