Connect with us

Business

ഒക്ടോബറില്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു; റിസര്‍വ് ബേങ്കിന്റെ സുരക്ഷിത തോതിനും മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഒക്ടോബറില്‍ ചില്ലറ വില്‍പ്പന മേഖലയിലെ വിലക്കയറ്റം 7.61 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബേങ്ക് വെച്ച സുരക്ഷിത തോതിനും മുകളിലായാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (സി പി ഐ) പ്രകാരമാണിത്.

സി പി ഐ പ്രകാരം സെപ്തംബറിലെ പണപ്പെരുപ്പം 7.27 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലേത് 4.62 ശതമാനവും. ഭക്ഷണവസ്തുക്കളുടെ വില വര്‍ധിച്ചതാണ് പൊതുവായ വിലക്കയറ്റത്തിന് പ്രധാന കാരണം.

റിപ്പോര്‍ട്ട് പ്രകാരം, ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി എഫ് പി ഐ) 11.07 ശതമാനമായാണ് ഒക്ടോബറില്‍ ഉയര്‍ന്നത്. സെപ്തംബറില്‍ ഇത് 10.68 ശതമാനമായിരുന്നു. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് റിസര്‍വ് ബേങ്കിന്റെ നിലപാട്.

Latest