Connect with us

Kerala

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

Published

|

Last Updated

പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. പമ്പാ നദിയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകള്‍ സ്ഥാപിക്കും. ആരോഗ്യവകുപ്പ് വേണ്ടത്ര കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തുകയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തുകയും ചെയ്യും.

ഇത്തവണ ദര്‍ശനം നടത്തുവാന്‍ തീര്‍ഥാടകര്‍ക്ക് സ്വാമി അയ്യപ്പന്‍ റോഡ് വഴി പോകുന്നതിനാണു സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളത്. ഈ വഴിയില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അഞ്ച് അടിയന്തര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലക്കല്‍ ബേസ് ക്യാമ്പില്‍ സി എഫ് എല്‍ ടി സിയും അധികമായി 16 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ എന്നിവിടങ്ങളില്‍ സാനിറ്റൈസിംഗ് കിയോസ്‌കുകള്‍, മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ തുടങ്ങിയവ സ്ഥാപിക്കും.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വനം വകുപ്പ് വനപാതകളില്‍ മുഖാവരണം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തും. കെ എസ് ആര്‍ ടി സി പമ്പ നിലയ്ക്കല്‍ റൂട്ടില്‍ 25 ബസുകള്‍ സര്‍വീസ് നടത്തും. പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തും. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ഡി എം ഒ. ഡോ. എ എല്‍ ഷീജ, അസിസ്റ്റന്റ് കലക്ടര്‍ വി ചെല്‍സാ സിനി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest