Connect with us

Kerala

കണ്ടെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയെന്ന കണ്ടെത്തല്‍ കേസിനെതിരാകും; ഇ ഡിക്ക് മുന്നറിയിപ്പുമായി കോടതി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് മുന്നറിയിപ്പുമായി കോടതി. കണ്ടെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയെന്ന കണ്ടെത്തല്‍ കേസിനെതിരാകുമെന്നും മറ്റ് പദ്ധതികളില്‍ നിന്ന് ലഭിച്ച കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കേസില്‍ ശിവശങ്കറിനെതിരെ മൊഴി ശക്തമാണെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടെന്ന മൊഴി എങ്ങനെ അവഗണിക്കാനാകും. പ്രധാന പ്രതി തന്നെയാണ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടുള്ളത്. ഇ ഡിയുടെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനധികൃത വരുമാനം ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്നത് സ്വപ്നയുടെ മൊഴി മാത്രമാണെന്ന് എം ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കള്ളക്കടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. കള്ളക്കടത്തിന് ഗൂഢാലോചന തുടങ്ങുന്നത് 2009 ജൂണില്‍ മാത്രമാണെന്നും എന്നാല്‍ ലോക്കര്‍ തുറന്നത് 2018 ആഗസ്റ്റിലാണെന്നും ശവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ എങ്ങനെ കളളക്കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിയും. നാലു മാസത്തോളമായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും കടുത്ത മാനസിക സമര്‍ദം മൂലമാകാം ശിവശങ്കറിനെതിരെ മൊഴി നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് മൊഴി എടുത്തതെന്ന് കോടതി വ്യക്തമാക്കി.