നിലമ്പൂരില്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി

Posted on: November 11, 2020 8:20 am | Last updated: November 11, 2020 at 11:55 am

നിലമ്പൂര്‍ |  പോത്തുകല്‍ ത്തെട്ടികുളത്ത് കഴിഞ്ഞ ദിവസം യുവതി മക്കളോടൊപ്പം ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരന്‍ (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന(35), മക്കളായ ആദിത്യന്‍ (12), അനന്തു (11) അര്‍ജുന്‍ ( 8 ) എന്നിവരെ ഞായറാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബിനേഷിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രഹനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ബിനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി സഹോദരന്റെ വീട്ടിലാണ് ബിനേഷ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ പുഴക്കടവിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടാപ്പിംഗ് തൊഴിലാളിയാണ്. തുടി മുട്ടിയിലെ വീട്ടില്‍ നിന്ന് ആറ് മാസം മുമ്പാണ് ഇവര്‍ ഞെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. കുടുംബ വഴക്കാണ് ദാരുണാന്ത്യത്തിനിടയാക്കിയതെന്നാണ് സൂചന.