Connect with us

Business

കേരളത്തില്‍ നിന്നുള്ള ഐടി സ്റ്റാര്‍ട്ടപ്പിന് ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സഹായം

Published

|

Last Updated

കോഴിക്കോട് | കേരളത്തിൽ നിന്നുള്ള ഐടി സ്റ്റാർട് അപ് കമ്പനിക്ക് ഒരു മില്യൺ അമേരിക്കൻ ഡോളർ സഹായം. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്കിറ്റ് എച്ആര്‍ എന്ന ഐടി കമ്പനിയ്ക്കാണ് സഹായധനം ലഭിച്ചത്.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എക്സ്പെര്‍ട്ട് ഡോജോ വെഞ്ച്വര്‍ ഫണ്ടില്‍ നിന്നാണ് ഓഫീസ്കിറ്റിന് സീഡിംഗ് സഹായം ലഭിച്ചത്. മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. വിവിധ രാജ്യങ്ങളും വിവിധ കറന്‍സികളും കൈകാര്യം ചെയ്യാവുന്ന ശേഷി ഇവര്‍ക്കുണ്ട്. കുറഞ്ഞ ചെലവില്‍ ജീവനക്കാരുടെ ക്രയശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താവുന്ന സോഫ്റ്റ് വെയറാണ് ഇവരുടെ പ്രത്യേകത. 15 രാജ്യങ്ങളിലായി വിവിധ കമ്പനികളിലെ 18,000 ജീവനക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഓഫീസ്കിറ്റാണ്.

മുഹമ്മദ് ഫൈസാന്‍ ലങ്ക, ഹാരിസ് പിടി എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ഓഫീസ്കിറ്റിന് രൂപം നല്‍കിയത്. രണ്ട് ദശാബ്ദക്കാലം വിവിധ ഐടി കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ഇവര്‍ ഈ ഉദ്യമം ആരംഭിച്ചത്.

ഗള്‍ഫ്, ഏഷ്യാപസഫിക് മേഖല എന്നിവടങ്ങളില്‍ ചുവടുറപ്പിക്കാനുള്ള സാധ്യതകള്‍ ഈ സാമ്പത്തിക സഹായത്തിലൂടെ ലഭിക്കുമെന്ന് മുഹമ്മദ് ഫൈസാന്‍ ലങ്ക പറഞ്ഞു. മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതില്‍ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള ഗവേഷണ സംഘങ്ങളെയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസ്കിറ്റ് എച് ആര്‍ ഉപദേശകന്‍ ശ്വേതള്‍ കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഇതിനു മുമ്പ് വിവിധ എയ്ഞജല്‍ നിക്ഷേപരില്‍ നിന്നായി 5 ലക്ഷം ഡോളറിന്‍റെ നിക്ഷേപം ഓഫീസ്കിറ്റിന് ലഭിച്ചിട്ടുണ്ട്.

Latest