Connect with us

National

ബീഹാര്‍: എന്‍ഡിഎ വിജയം ഉറപ്പിക്കാനായോ? ഇല്ലെന്ന് വിദഗ്ധര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ലീഡ് നിലകളില്‍ നിന്ന് വിലയിരുത്തുന്നത്. എന്നാല്‍ അഞ്ചില്‍ ഒന്ന് വോട്ടുകള്‍ മാത്രമേ ബീഹാറില്‍ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ എന്നതിനാൽ ഇപ്പോള്‍ പുറത്തുവരുന്ന ലീഡ്‌നില പ്രാഥമികം മാത്രമാണെന്ന് മനസ്സിലാക്കേണ്ടിവരും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനാല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അതിനാല്‍ അന്തിമഫലം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

20 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്. അതില്‍ തന്നെ പല സീറ്റുകളിലും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് എന്‍ഡിഎ മുന്നേറുന്നത് എന്നതാണ് യാഥാര്‍ഥ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻെറ കണക്കുകൾ പ്രകാരം 80 സീറ്റുകളിൽ രണ്ടായിരത്തിന് താഴെ മാത്രമാണ് ലീഡ്. 49 സീറ്റുകളിൽ ആയിരത്തിന് താഴെയും, 23 സീറ്റുകളിൽ അഞ്ഞൂറിന് താഴെയും ഏഴ് സീറ്റുകളിൽ 200ന് താഴെയുമാണ് എൻഡിഎയുടെ ലീഡ്.ഈ സ്ഥിതിയിൽ കാര്യങ്ങൾ മാറിമറിയാൻ സാധ്യത ഏറെയാണ്.

നിലവിലെ ട്രന്‍ഡ് അനുസരിച്ച് 126 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നിലാണ്. 106 സീറ്റുകളില്‍ മഹാസഖ്യവും മുന്നിട്ട് നില്‍ക്കുന്നു. മറ്റുള്ളവര്‍ ഒന്‍പത് സീറ്റുകളിലും എല്‍ജെപി രണ്ട് സീറ്റുകളിലും മുന്നിലുണ്ട്. ഈ ട്രന്‍ഡ് തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. കാരണം മഹാസഖ്യം ഇപ്പോഴും ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങള്‍ കാത്തിരിക്കൂ, തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ആര്‍ജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ചില ബിജെപി കേന്ദ്രങ്ങളും വിജയം ഉറപ്പിക്കാനായിട്ടില്ലെന്ന നിലപാടിലാണ്. മാത്രമല്ല ഒരിടത്തും എൻഡിഎ ആഘോഷങ്ങൾ തുടങ്ങിയിട്ടുമില്ല.

എക്‌സിറ്റ് പോളുകളെല്ലാം മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ചിരുന്നു. തുടക്കത്തില്‍ വന്ന ലീഡ്‌നിലകള്‍ അത് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വോട്ടിംഗ് പുരോഗമിച്ചപ്പോള്‍ എന്‍ഡിഎ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. അഞ്ചില്‍ നാല് വോട്ടുകളും എണ്ണാനിരിക്കെ എന്‍ഡിഎയുടെ വിജയം ഈ ഘട്ടത്തില്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എക്സിറ്റ് പോളുകൾ നടത്തിയ ഏജൻസികളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മൂന്ന് മണിയോടെ ട്രൻഡിംഗ അപ്പാടെ മാറി മറിയുമെന്നാണ് ഏജൻസികൾ പറയുന്നത്.