Connect with us

Ongoing News

പത്തനംതിട്ടയില്‍ ഇതുവരെ 80 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു: ഡി എം ഒ

Published

|

Last Updated

പത്തനംതിട്ട | ജില്ലയില്‍ എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, മരണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 80 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 80 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 56 ഉം 57 ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷം എലിപ്പനി മൂലം ഒരു മരണം മാത്രം സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പടരുന്നത്. കടുത്ത പനി, ക്ഷീണം, കഠിനമായ തലവേദന, പേശീവേദന, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണവും വളരെ സാധാരണമായി കണ്ടുവരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടണം. ചികിത്സിക്കാന്‍ താമസിച്ചാല്‍ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. എലിപ്പനിക്കുള്ള ചികിത്സ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ആഹാരസാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത്. അടച്ചു സൂക്ഷിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ വീടുകളിലും നടത്തണം. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ വെളളക്കെട്ടില്‍ ഇറങ്ങരുത്. മുറിവുകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കണം.

Latest