ശുഭപ്രതീക്ഷാ മുനമ്പ് തേടി…

Posted on: November 8, 2020 4:39 pm | Last updated: November 12, 2020 at 4:49 pm

ഒരു പിന്തിരിപ്പൻ വാക്കിനും അവരെ തടഞ്ഞുനിർത്താനാകുമായിരുന്നില്ല. ചുറ്റുമുള്ള കൂരിരുട്ടിനെ ഭേദിച്ചുകൊണ്ട് ലക്ഷ്യത്തിന്റെ ഉജ്ജ്വലമായ പാരമ്യത്തിലേക്ക് മാത്രം നോട്ടമിട്ട്, കെടുത്താനാകാത്ത ആത്മവീര്യത്തോടെ മുന്നേറുകയായിരുന്നു ആ സൗഹൃദസംഘം. വൈകല്യത്തെ ഭാഗ്യദോഷമായി കണ്ട സമൂഹത്തെ കൊണ്ട് തങ്ങളുടെ അഭിമാനമാണവരെന്നു പറയിക്കുകയായിരുന്നു ആ ഭിന്നശേഷി സൗഹൃദക്കൂട്ടായ്മ. ജന്മനായുള്ള വൈകല്യം, മാറാരോഗം, അപകടങ്ങൾ എന്നിവ മൂലം വീൽചെയറിലോ മുച്ചക്രവാഹനങ്ങളിലോ ജീവിതം ഒതുങ്ങിയ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് അവർ തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയായിരുന്നു അത്. എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയില്ലെങ്കിലും സമൂഹത്തിനും വീട്ടുകാർക്കും ബാധ്യതയാകാതെ, സ്വന്തമായി അധ്വാനിച്ച് കുടുംബ ജീവിതം നയിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന പുതിയൊരു സംരംഭത്തിന്റെ അഭിലാഷ സാക്ഷാത്കാരത്തിന്റെ മഹത്തായ വഴിത്തിരിവിലാണിപ്പോൾ ആ കൂട്ടായ്മ.

പല കാരണങ്ങളാൽ വീൽ ചെയറുകളിൽ ജീവിതം തളച്ചിടപ്പെടുമ്പോഴും തങ്ങളുടെ കർമശേഷി നേരാംവണ്ണം ഉപയോഗപ്പെടുത്താൻ ഇത്തരക്കാരെ പ്രേരിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വീൽചെയർ അസോസിയേഷൻ എന്ന കൂട്ടായ്മ ഏറ്റെടുത്തിട്ടുള്ളത്. വീൽ ചെയറുകളിൽ തളച്ചിടപ്പെട്ട ഒട്ടനവധി ജീവിതങ്ങൾ ലോകമെമ്പാടും സമൂഹത്തോട് സംവദിക്കുമ്പോൾ തങ്ങൾക്കെങ്ങനെ വീടുകളിൽ ഒതുങ്ങിക്കൂടനാകുമെന്ന ചിന്തയാണ് വീൽചെയർ കൂട്ടായ്മക്കും അതിന്റെ കീഴിലായി അംഗങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ ഒരുക്കുന്നതിനുള്ള സഹകരണ സംഘം സ്ഥാപിക്കുന്നതിനും പ്രചോദനമായത്. വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ തങ്ങളാലാകുന്ന ജോലികൾ ചെയ്ത് പൊതുസമൂഹത്തിൽ അന്തസ്സായി ജീവിക്കുന്നതിന് ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപവത്കരിച്ചതാണ് ആലപ്പുഴ വീൽചെയർ യൂസേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സംസ്ഥാനത്ത് ആദ്യമായാണ് വീൽചെയർ ഉപയോക്താക്കളെയും ത്രീ വീൽ സ്‌കൂട്ടർ ഉപയോക്താക്കളെയും പിന്തുണക്കുന്നതിനുള്ള ഒരു സഹകരണ സംഘം പ്രവർത്തനമാരംഭിച്ചത്.

സംരംഭങ്ങൾ ഏറെ…

വീൽചെയർ, ത്രീ വീൽ സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകൾക്കായി സ്വയം തൊഴിൽ സംരംഭങ്ങൾ നടത്തുന്നതിന് സൊസൈറ്റി വായ്പ ലഭ്യമാക്കും. സൊസൈറ്റിക്ക് മൂന്ന് തരത്തിലുള്ള അംഗത്വങ്ങളുണ്ട് – എ, ബി, സി ക്ലാസുകൾ. വീൽ ചെയർ, ത്രീ വീൽ സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കാണ് ഒരു ക്ലാസ്.
മീൻ, ഇറച്ചി, കൂൺ, പച്ചക്കറികൾ എന്നിങ്ങനെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാർക്ക് സഹായകരമായ “റെഡി ടു കുക്ക്’ വിഭവങ്ങളിൽ തുടങ്ങി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി, ധാന്യപ്പൊടികൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ സ്വന്തമായി ഉത്പാദിപ്പിച്ച് പ്ലാസ്റ്റിക് രഹിതമായി വീടുകളിലെത്തിക്കുന്ന യൂനിറ്റുകൾക്കാണ് സംഘം ലക്ഷ്യം വെക്കുന്നത്. അതിജീവനം എന്ന പേരിലുള്ള സംഘത്തിന്റെ ഉത്പന്നങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന വരുമാനം സംഘാംഗങ്ങൾക്ക് കൊവിഡ് കാലത്തെ അതിജീവിക്കാൻ ഏറെ സഹായകമാകുകയാണ്. സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സംഘം കഴിഞ്ഞ ജൂലൈ 15 നാണ് പ്രവർത്തനമാരംഭിച്ചത്. ആലപ്പുഴ പുന്നപ്ര വിയാനി ചർച്ചിന് തൊട്ടു പടിഞ്ഞാറ് ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.

ALSO READ  അവളും ചിരി തുടങ്ങി പോലും!


നാട്ടുകാരുടെ പ്രിയ സേവനദാതാക്കൾ

വീട്ടുകാർ തങ്ങളുടെ ബാധ്യതയായി കണ്ടിരുന്നവർ രൂപം നൽകിയ സഹകരണ സംഘം, വളരെ പെട്ടെന്നാണ് നാട്ടുകാരുടെ പ്രിയപ്പെട്ട സേവനദാതാക്കളായി മാറിയത്. നാട്ടിലെ ചെറുകിട നാമമാത്ര കർഷകരുടെ ഉത്പന്നങ്ങൾ വിപണി വിലക്ക് സംഭരിച്ച്, വെട്ടി കഴുകി പാചകത്തിന് തയ്യാറാക്കി വീട്ടുമുറ്റത്ത് എത്തിക്കുകയാണ് ഇവർ. വൈകല്യങ്ങൾ ഇതിന് തടസ്സമാകുന്നില്ല. കുടകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പേപ്പർ പേനകൾ തുടങ്ങി നടീൽ വസ്തുക്കളും അച്ചാറുകളും വരെ ലഭ്യമാണ്. ഇത് വഴി മോശമല്ലാത്ത വരുമാനം കണ്ടെത്താനും സാധിക്കുന്നു.

സ്വ പ്രയത്നം
സ്വയം പര്യാപ്തത

സ്വയം നിർമിച്ചും സംഭരിച്ചും സൊസൈറ്റി അംഗങ്ങൾ പരാശ്രയ ശീലങ്ങളിൽ നിന്നും സ്വയം പര്യാപ്തത നേടുകയാണ്. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സംഘം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇടപാടുകൾ നടത്താം. ലോക രാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊവിഡ് തന്നെയാണ് ഭിന്നശേഷിക്കാരായ ഇവരെയും പുതിയ സംരംഭത്തിലേക്ക് കാലെടുത്ത് വെക്കാൻ പ്രേരിപ്പിച്ചത്. തങ്ങൾക്ക് കൈത്താങ്ങായിരുന്ന കുടുംബക്കാരും സമൂഹവുമെല്ലാം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഒറ്റപ്പെടലിന്റെ പൊള്ളുന്ന ശൂന്യതയായിരുന്നു ഇവർക്ക്. ഇത് കടിച്ചമർത്താൻ മാത്രമേ ഈ വിഭാഗത്തിന് കഴിഞ്ഞുള്ളൂ. പല വിധ തൊഴിലുകളിലേർപ്പെട്ട് ജീവനോപാധി കണ്ടെത്തിയിരുന്ന ഭിന്നശേഷിക്കാർക്ക് കൊവിഡ് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതവും കഷ്ടപ്പാടുമാണ്. എന്നാൽ, ഇവിടെയും വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാൻ ഈ വിഭാഗം തയ്യാറായിരുന്നില്ല. കൊവിഡ് പ്രതിസന്ധി തങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പ്രതിബദ്ധതയും പകർന്ന് നൽകിയെന്ന് ഇവർ പറയുന്നു.
കൊവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകളിൽ പെട്ട് വീടകങ്ങളിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളും ഭക്ഷ്യ വസ്തുക്കളുമെല്ലാമെത്തിച്ചു നൽകി നന്മയുടെ മാതൃകയാകുകയായിരുന്നു ചക്രക്കസേരകളിലും മുച്ചക്ര സ്‌കൂട്ടറുകളിലും ജീവിതം തളക്കപ്പെട്ട യുവതീ യുവാക്കൾ. അതിലൂടെ ചെറിയൊരു വരുമാനവും ഇവർ കണ്ടെത്തി. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ വീൽചെയർ യൂസേഴ്‌സ് വെൽഫയർ സഹകരണ സംഘം എല്ലാ പിന്തുണയുമായി തങ്ങൾക്കൊപ്പമുണ്ടെന്നത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ആലപ്പുഴയിൽ സേവനം തുടങ്ങിയ ഈ സഹകരണ മാതൃക താമസിയാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകാര പത്രങ്ങളും മറ്റും സംഘടിപ്പിക്കുന്നതിലാണ് സാധാരണക്കാരെ പോലെ തന്നെ തങ്ങളും ഏറെ വിഷമിക്കുന്നതെന്നാണ് സംഘാടകരുടെ പരിഭവം. ഭിന്നശേഷിക്കാരെന്ന പരിഗണന പോലും പല ഓഫീസുകളും നൽകുന്നില്ലെന്ന പരിഭവം ഇവർ മറച്ചുവെക്കുന്നില്ല.

എസ് ഡി കോളജ് റിട്ട. അധ്യാപകൻ ഡോ. ബാലചന്ദ്രൻ, പ്രേംസായി ഹരിദാസ്, ഷിബു ഡേവിഡ് തുടങ്ങിയവരും ഈ കൂട്ടായ്മക്ക് സഹായവുമായി ഒപ്പമുണ്ട്.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, ബഹുമുഖ വൈകല്യം തുടങ്ങി ജന്മനാ ഉള്ളതും ജനിച്ചതിന് ശേഷം വന്നതുമായ വിവിധ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെ ഒരു കുട്ടി ജനിച്ചത് മൂലം ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഒരുതരം വിഷാദ രോഗത്തിനും ആശങ്കക്കും അടിമപ്പെട്ട് നിൽക്കുന്ന കുടുംബങ്ങളും ധാരാളം.ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിയുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവരോട് പൊതുസമൂഹത്തിനുള്ള നിഷേധാത്മക കാഴ്ചപ്പാട് മാറ്റിയെടുത്ത് അവർക്ക് സ്വയം പര്യാപ്തത നേടാനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത എന്നതിലുപരിയായി അവരുടെ അവകാശം കൂടിയാണെന്നുള്ളതാണ് വാസ്തവം. വീൽചെയർ യൂസേഴ്‌സ് അസോസിയേഷൻ സൊസൈറ്റിയുടെ സംരംഭങ്ങൾക്ക് താങ്ങും തണലുമാകാൻ സമൂഹം മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയും അത് തന്നെയാണ്. 9995343105 നമ്പറിൽ സൊസൈറ്റി പ്രസിഡന്റ് ജാഫർ രാജയെയും 9847301456 നമ്പറിൽ സെക്രട്ടറി അജിത് കൃപയെയും അംഗങ്ങളുടെ സഹായത്തിനായി എപ്പോഴും ബന്ധപ്പെടാനാകും. ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്ക് തുണയേകി വീൽ ചെയർ യൂസേഴ്‌സ് വെൽഫയർ സൊസൈറ്റി മുന്നിൽ നിന്ന് നയിക്കുകയാണ്; അവർക്ക് കരുത്തേകി, മഹത്തായ ലക്ഷ്യത്തിനായി.
.

ALSO READ  കൈവിടില്ല ഞാൻ ഈ ഗാന്ധിക്കാഴ്ച