ട്രംപിനെ വീഴ്ത്തി; ജോ ബൈഡൻ യു എസ് പ്രസിഡന്റ്

Posted on: November 7, 2020 10:36 pm | Last updated: November 8, 2020 at 9:17 am

വാഷിങ്ടൺ | അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉദ്വേഗജനകമായ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഒടുവില്‍ ട്രംപിനെ വീഴ്ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ വൈറ്റ് ഹൗസിന്റെ അധിപനായി. അമേരിക്കന്‍ ജനതക്ക് ഇത് 46ാമത് പ്രസിഡന്റ്. ബെെഡൻ പ്രസിഡന്റാകുന്നതോടെ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വെെസ് പ്രസിഡൻറാകും.

നിര്‍ണായകമായ പെന്‍സില്‍വാനിയ സംസ്ഥാനം പിടിച്ചാണ് 270 വോട്ടെന്ന കേവലഭൂരിപക്ഷം മറികടന്ന് ബൈഡന്‍ വെന്നിക്കൊടി പാറിച്ചത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 487 എണ്ണത്തിലെ ഫലം അറിവായപ്പോള്‍ 284 വോട്ടടുകള്‍ സ്വന്തമാക്കിയാണ് 77കാരനായ ബൈഡന്റെ അരങ്ങേറ്റം. ട്രംപിന് 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കഴിഞ്ഞ തവണ ട്രംപ് ആധിപത്യമുറപ്പിച്ച ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിൽ എല്ലാം കൃത്യമായ ലീഡ് നേടിയാണ് ജോ ബെെഡൻെറ വിജയം. പെൻസിൽവാനിയയിൽ തുടക്കത്തിൽ ട്രംപ് ലീഡ് ഉയർത്തിക്കൊണ്ടിരുന്നത് ഡെമോക്രാറ്റിക് ക്യാമ്പിൽ ആശങ്ക സൃഷ്ടടിച്ചിരുന്നുവെങ്കിലും വെെകാതെ ബെെഡൻ അത് മറികടന്നു. ഇതോടെ അദ്ദേഹം പ്രസിഡൻറ് പദം ഉറപ്പിച്ചിരുന്നു.

നാല് നാൾ നീണ്ട വോട്ടെണ്ണലിന് ഒടുവിലാണ് ബെെഡന് വിജയം ഉറപ്പിക്കാനായത്. ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുക ആണെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിച്ചതിനാൽ ബെെഡന് മുന്നിൽ ഇനി തടസ്സങ്ങളില്ല. വോട്ടെണ്ണലിൻെറ ആദ്യ ഘട്ടത്തിൽ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നിരുന്നു. താൻ വിജയിച്ചിരിക്കുന്നുവെന്നും വലിയ ആഘോഷങ്ങൾക്ക് തയ്യാറെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം വാർത്താസമ്മേളനവും നടത്തി. എന്നാൽ ഇതിനോടെല്ലാം ശാന്തനായി മാത്രം പ്രതികരിച്ച ബെഡൻ മെല്ലെ മെല്ല ലീഡ് ഉയർത്തിക്കൊണ്ടിരുന്നു.

ഇതോടെ സമനില തെറ്റിയ നിലയിലായി ട്രംപും കൂട്ടരും. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് ട്രംപ് രംഗത്ത് വന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും തന്നെ വിജയിലായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ ട്രംപ് അനുകൂലികൾ പലയിടങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിൻെറ പ്രായം. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്.

മുന്‍ സെനറ്ററും കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് ഇന്ത്യന്‍ വംശജയാണ്. 58കാരിയായ കമല ഹാരിസിന്റെ മാതാവും പിതാവും യഥാക്രമം ഇന്ത്യയില്‍ നിന്നും ജമൈക്കയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. ക്രിമിനല്‍ നീതിന്യായ മേഖലയിലെ അവരുടെ പരിചയം അമേരിക്കയിലെ വംശീയ പ്രശനങ്ങളും പോലീസിലെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബൈഡന് തുണയാകും.