ബിനീഷിന്റെ കുഞ്ഞിനെ തടങ്കലിലാക്കിയെന്ന പരാതി; ഇ ഡിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Posted on: November 5, 2020 5:12 pm | Last updated: November 5, 2020 at 8:08 pm

തിരുവനന്തപുരം | ബിനീഷ് കോടിയേരിയുടെ രണ്ടര വയസുള്ള കുഞ്ഞിനെ തടങ്കലിലാക്കി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇ ഡിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിനീഷിന്റെ വീട്ടിലെ റെയഡ് ഒരു ദിവസം പിന്നിട്ടതിനിടെയാണ് പരാതി അന്വേഷിക്കാന്‍ ബാലാവകാശ കമ്മീഷന്‍ എത്തിയത്. എന്നാല്‍, ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്തെത്തിയ ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇ ഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടത്.