Connect with us

Kerala

സംസ്ഥാന ബി ജെ പിയില്‍ പടലപ്പിണക്കം രൂക്ഷം; സുരേന്ദ്രനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

Published

|

Last Updated

കോഴിക്കോട് | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബി ജെ പിയില്‍ ശക്തമായ പടയൊരുക്കം. പാര്‍ട്ടിയുടെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ ചില നേതാക്കളെ അവഗണിച്ചു എന്നാരോപിച്ച് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. ശോഭ സുരേന്ദ്രനു പിന്നാലെ പി എം വേലായുധനും കെ പി ശ്രീശനും പരസ്യ വിമര്‍ശനമുന്നയിച്ചു. വേറെ മാര്‍ഗമില്ലാത്തതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് കെ പി ശ്രീശന്‍ പറഞ്ഞു. സുരേന്ദ്രന്‍ വിഭാഗത്തിനെതിരായ പരാതി പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഉന്നയിക്കാന്‍ പി കെ കൃഷ്ണദാസ് പക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. ആര്‍ എസ് എസിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഈ പക്ഷത്തിനുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ ആര്‍ക്കും വരാതെ നോക്കേണ്ടതായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്നും ശ്രീശന്‍ ആവശ്യപ്പെട്ടു.
ബി ജെ പിയില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഇങ്ങനെ പോയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കാണിച്ച് ശോഭ സുരേന്ദ്രനു പുറമെ, മറ്റു ചില നേതാക്കളും കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ രണ്ട് തവണയാണ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന രൂക്ഷമായ പടലപ്പിണക്കങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ സുരേന്ദ്രന്‍ ഇതുവരെ തയാറായിട്ടില്ല.

Latest