ഓര്‍മത്തുരുത്തുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Posted on: October 31, 2020 7:34 pm | Last updated: October 31, 2020 at 7:36 pm

പത്തനംതിട്ട | നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ തുടങ്ങി ജില്ലയിലെ 66 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഓര്‍മത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. കേരള പിറവി ദിനത്തിലാണ് നിലവിലുള്ള ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിക്കുന്നത്.

ഓര്‍മത്തുരുത്ത് സ്ഥാപിക്കുന്നതിന് ആവശ്യമായ തൈകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട്ടില്‍ നിന്നു തന്നെ കൊണ്ടുവന്ന് നടുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍പരിപാലനവും ഉറപ്പു വരുത്തും. പരിസ്ഥിതി പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍  ആരംഭിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.

കേവലം വൃക്ഷതൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെറു വനം തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന പദ്ധതിയാണിത്. മാറിവരുന്ന അന്തരീക്ഷ വ്യതിയാനങ്ങളെ ചെറുത്ത് അവയെ തുലനപ്പെടുത്തുന്നതിനുള്ള സ്വതസിദ്ധമായ കഴിവ് ഈ  പച്ചത്തുരുത്തുകള്‍ക്കുണ്ട്. ഓര്‍മത്തുരുത്ത് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ ഗണേശവിലാസം പള്ളിക്കലാറിനോട് ചേര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിക്കും.

കൈയേറ്റ ഭൂമിയായിരുന്ന പള്ളിക്കലാറിന്റെ തീരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ച ശേഷമാണ് ഓര്‍മത്തുരുത്ത് പരിപാടി സംഘടിപ്പിക്കുന്നത്. 30 സെന്റിലധികം വരുന്ന സ്ഥലത്താണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും തൈകള്‍ നടുന്നത്. ജില്ലാ പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഔഷധസസ്യ ഓര്‍മത്തുരുത്തിന്റെ മേല്‍നോട്ടം ഹരിതകേരളം ജില്ലാ മിഷന്‍ നേരിട്ട് നടത്തുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു.