ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ട; ഒരു അഴിമതിയും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

Posted on: October 29, 2020 7:47 pm | Last updated: October 30, 2020 at 8:21 am

തിരുവനന്തപുരം | അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന പ്രതിപക്ഷ നിലപാടിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന് മേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല. ഒരു അഴിമതിയും ഈ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നു അറിഞ്ഞപ്പോള്‍ തന്നെ ശിവശങ്കറിന് എതിരെ നടപടി സ്വീകരിച്ചു. സ്‌പേസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ച് ആരോപണമുയര്‍ന്നപ്പോള്‍ സ്വപ്നയേയും മാറ്റി. സ്വര്‍ണ ക്കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നും തന്നെയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവമുണ്ടായിട്ടും അത് ചര്‍ച്ചയായതേയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ശിവശങ്കറിന്റെ മറുപടി.

മുന്‍കാലങ്ങളെ പോലെ മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അതാണ് യു ഡി എഫ് സര്‍ക്കാരുമായുള്ള കാതലായ വ്യത്യാസം. ലൈഫ് മിഷന്‍ വിദേശ സംഭാവന ചട്ടം ലംഘിച്ചിട്ടില്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല. പക്ഷെ നിയമപരമല്ലാത്ത ഇടപെടലുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും. അതിലെന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. അധികാരത്തില്‍ വരും മുമ്പ് ശിവശങ്കറിനെ പരിചയമില്ല. വിവിധ ഇടങ്ങളില്‍ മികവ് കാണിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ക്രമപ്രകാരം ആണ് ശിവശങ്കറിനെ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. വ്യക്തിപരമായ ശിവശങ്കറിന്റെ ഇടപെടലുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ല. പാര്‍ട്ടിയാണ് ശിവശങ്കറിനെ നിര്‍ദേശിച്ചതെന്ന ആരോപണം തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം വിശ്വസ്തരാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അവിശ്വാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.