തിരൂരങ്ങാടി ഹസൻ മുസ‌്ലിയാർ; ആ പ്രഭയും അസ്തമിച്ചു…

കരുവാരക്കുണ്ട്
Posted on: October 29, 2020 2:25 pm | Last updated: October 29, 2020 at 2:25 pm


പണ്ഡിത ലോകത്തെ അതുല്യ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ തിരൂരങ്ങാടി ഹസൻ ഉസ്താദ്. പ്രസിദ്ധി തീരെ ആഗ്രഹിക്കാതെ വിനയം മുഖമുദ്രയാക്കിയ മഹാപണ്ഡിതൻ. ഭൗതികമായ പരിപ്രേക്ഷ്യങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. സ്വന്തമായി ചെയ്യാൻ കഴിയുന്ന വിഷയങ്ങളിൽ ആരെയെങ്കിലും ആശ്രയിക്കുന്നതോ മറ്റുള്ളവർ തനിക്കു വേണ്ടി പ്രയാസപ്പെടുന്നതോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.
പണ്ഡിത കുടുംബമായ തിരൂരങ്ങാടി ‘മുടയം പിലാക്കൽ’ പരമ്പരയിൽ 1950ലാണ് ജനനം. യമനിൽ നിന്ന് വന്ന് തിരൂരങ്ങാടി താമസമാക്കിയവരാണ് മുൻഗാമികൾ. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ഹസൻ മുസ്‌ലിയാരുടെ മകൻ മുഹമ്മദ് മുസ്‌ലിയാർ പിതാവും ഹസൻ മുസ്‌ലിയാരുടെ അനുജനും ആദ്യകാല മുശാവറ അംഗവും മമ്പുറം മൗലിദ്, താനൂർ അബ്ദുർറഹ്മാൻ ശൈഖ് മൗലിദ്, ഖുർറത്തുൽ അലിഫ് ഫീ ശറഹി അല്ലഫൽ അലിഫ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും പ്രസിദ്ധമായ അഅ്‌ളമുസ്സ്വലാത്തിന്റെ രചയിതാവുമായ അലി ഹസൻ മുസ്‌ലിയാരുടെ മകൾ ആസിയ മാതാവുമാണ്.
മാതാപിതാക്കൾ വഴി മഹത്തുക്കളിലേക്ക് കണ്ണിചേരുന്ന ഉസ്താദ് ആ തനിമ മങ്ങാതെ തന്റെ ജീവിതത്തിലൂടെ കാണിച്ചു. കൊടുവായൂർ അനേക കാലം മുദർരിസായ സ്വപിതാവിൽ നിന്നായിരുന്നു പ്രാഥമിക ദർസ് പഠനം. അവിടെ വെച്ച് മതപഠനത്തോടൊപ്പം ഭൗതിക പഠനവും അഭ്യസിച്ചിരുന്നു. ശേഷം വിളയിൽ മുഹമ്മദ് കുട്ടി മുസ‌്ലിയാർ, കുറ്റിപ്പുറം മുഹമ്മദ് മുസ‌്ലിയാർ എന്നിവരുടെ ദർസുകളിൽ പഠിച്ചു.

16-ാം വയസ്സിൽ ഓമച്ചപ്പുഴ പുത്തൻപള്ളിയിൽ പ്രസിദ്ധപണ്ഡിതനായ കരിങ്കപ്പാറ മുഹമ്മദ് മുസ‌്ലിയാരുടെ ദർസിൽ ചേർന്നു. പിന്നീട് പെരുമ്പടപ്പ് പുത്തൻപള്ളിയിലേക്ക് ദർസ് മാറിയപ്പോഴും വീണ്ടും ഓമച്ചപ്പുഴയിൽ തിരിച്ച് ദർസ് തുടങ്ങിയപ്പോഴും തന്റെ ഗുരുവിനെ വിടാതെ പിന്തുടർന്ന ബന്ധം ഉസ്താദിന്റെ രണ്ടാംമുദർരിസ് ആവുന്നിടത്തേക്ക് വളർന്നു. ശേഷം വൈലത്തൂർ ബാവ ഉസ്താദിന്റെ കൂടെ മുദരിസായി ദർസ് തുടർന്നു. സഹ മുദർരിസായ വൈലത്തൂർ ബാവ ഉസ്താദിന്റെ സബ്കിലും ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദിന്റെ മുസ്‌ലിം സബ്കിലും താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ഹികം ദർസിലും പങ്കെടുക്കാറുണ്ടായിരുന്നു ആരെക്കുറിച്ചും അഭിപ്രായം പറയുന്നത് ഇഷ്ടപ്പെട്ടില്ല. അറിഞ്ഞു കൊണ്ട് ഒരു കറാഹത്ത് പോലും ചെയ്യാത്ത സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ദുനിയാവിന്റെ കാര്യങ്ങളിൽ തീരെ താത്പര്യം കാണിച്ചില്ല. ഭക്ഷണം വളരെ അൽപ്പം മാത്രം കഴിക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റേത്. രാത്രി കിതാബ് മുതാലഅ ചെയ്യാനും ഇബാദത്തിനും വേണ്ടി പൂർണമായി മാറ്റി വെച്ചു.

പൂർവകാല സൂഫികളെ പോലെ രാത്രിയുടെ യാമങ്ങളിൽ കണ്ണീരൊഴിച്ച് ദുആ ചെയ്യുന്നത് നിത്യാനുഭവമായിരുന്നു. മസ്അലകൾ പറയുമ്പോൾ’വിഷയം ഇപ്രകാരമാണെന്ന്’ തീർപ്പു കൽപ്പിച്ചു പറയുന്നതിന് പകരം ‘ഈ കിതാബിൽ ഇങ്ങനെയുണ്ട്’ എന്ന് പറയുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. യാഥാർഥ്യത്തോട് നിരക്കാത്തത് പറയുന്നതിൽ നിന്ന് മുക്തമാവാൻ ഈ ശൈലി വളരെ ഉപകാരപ്രദമാണ്.രോഗബാധിതനാവും വരെയും നീണ്ടു നിന്ന അധ്യാപന തപസ്യ മാതൃകാപരമാണ്. ഗുരുവായ കരിങ്കപ്പാറ ഉസ്താദിൽ നിന്ന് ആത്മീയമായ അനവധി ഇജാസത്തുകളും കരഗതമാക്കിയിട്ടുണ്ട്.

ആത്മീയ വഴിയിൽ നിരവധി ഗുരുക്കളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മടവൂർ സി എം വലിയുല്ലാഹി, ഫരീദ് ബാവഖാൻ ഈരാറ്റുപേട്ട, ചാലിയം ഇമ്പിച്ചിക്കോയ തങ്ങൾ, നരിപ്പറമ്പ് മുഹമ്മദ് മുസ‌്ലിയാർ എന്നിവർ അവരിൽ ചിലരാണ്. മഹാന്മാരുടെ ആശീർവാദമായിരുന്നു ഉസ്താദിന്റെ കരുത്ത്. ഒരിക്കൽ സിഎം വലിയുല്ലാഹിയെ ഉസ്താദ് സന്ദർശിക്കാൻ പോയപ്പോൾ സി എം അവർകൾ എഴുന്നേറ്റ് നിൽക്കുകയും ആദരിച്ചു കൊണ്ട് ഒരു വാച്ച് സമ്മാനിക്കുകയും ചെയ്തു. നല്ല ഒരു നിമിഷകവി കൂടിയായിരുന്നു ഉസ്താദ്. വിശേഷിച്ച് പ്രവാചക പ്രകീർത്തനങ്ങളിൽ നിരവധി കവിതകളാണ് ആ തൂലികയിൽ നിന്ന് നിർഗളിച്ചത്. ഹജ്ജിനു പോയി വന്നതിനു ശേഷം, മുത്ത് നബിയെക്കുറിച്ച് നാലുവരി എഴുതാതെ നാസ്ത കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തിരുന്നു. കാവ്യവ്യാകരണ ശാസ്ത്രങ്ങളിലെ പ്രാവീണ്യം അത്ഭുതാവഹമായിരുന്നു. ദർസ് വിദ്യാർഥികൾക്കായി ഉസ്താദ് എഴുതിയ തഖ്‌രീബുത്തുല്ലാബ് ഇലാ ഇൽമിൽ ഇഅ്‌റാബ്, അന്നളാഇള് ഫിൽ ഫറാഇള് എന്നീ കിതാബുകൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ശൈലിയിലാണ് രചിച്ചിട്ടുള്ളത്. കരിങ്കപ്പാറ ഉസ്താദിനെക്കുറിച്ചും മറ്റു മഹത്തുക്കളെ കുറിച്ചും മർസിയ്യത്തും തിരൂരങ്ങാടിയിലെ അറിയപ്പെട്ട ഖാളിയെ സംബന്ധിച്ച് അൽ അസലുൽഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലിയ് എന്ന മൗലിദും അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച് അൻവാറുലുത്വ്ഫ് ബി ദിക്‌റി അസ്വ്ഹാബിൽ കഹ്ഫ് എന്ന മൗലിദുകളും എഴുതിയിട്ടുണ്ട്. തിരൂരങ്ങാടി വലിയ പള്ളിയിൽ എല്ലാ വെള്ളിയാഴ്ചയും ഓതാനായി തയ്യാറാക്കിയ ഹ്രസ്വമായ ഖുതുബ ഉസ്താദിന്റെ രചനയാണ്. ഈ ഖുതുബയാണ് ഇപ്പോഴും അവിടെ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ കുട്ടികളോട് പോലും ‘ഞാൻ നന്നാവാൻ വേണ്ടി ദുആ ചെയ്യണം ‘ എന്ന് പറയാറുണ്ടായിരുന്നു. സുൽത്താനുൽ ഉലമ എപി ഉസ്താദിനോട് വലിയ ബഹുമാനവും സ്‌നേഹവുമായിരുന്നു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ എഴുപതാമത്തെ വയസ്സിൽ വിടപറയുമ്പോൾ തന്റെ പാണ്ഡിത്യ ഗരിമ സമൂഹത്തിന് ബോധ്യമാവും വിധം നിരവധി പ്രഗത്ഭ ശിഷ്യനിരയെ ഉസ്താദ് സമ്മാനിച്ചു. ഉസ്താദിന്റെ സേവനങ്ങൾ അല്ലാഹു സ്വീകരിക്കുകയും, പരലോകത്ത് അവരുടെ ദറജ ഉയർത്തുകയും ചെയ്യട്ടെ- ആമീൻ