Connect with us

Editorial

ബി ടെക് പരീക്ഷ; ഹൈടെക് കോപ്പിയടി

Published

|

Last Updated

ഇത് ഡിജിറ്റല്‍വത്കരണത്തിന്റെ കാലമാണ്. വിദ്യാഭ്യാസ രംഗത്ത് കേരളം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ക്ലാസ് റൂമുകള്‍ ഹൈടെക്കായി മാറിക്കൊണ്ടിരിക്കുകയാണ്. 42 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിര്‍മിച്ച അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് രണ്ട് ദിവസം മുമ്പാണ്. ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്തെ കോപ്പിയടിയും ഹൈടെക്കായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷയിലെ കൂട്ടകോപ്പിയടി വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച നടന്ന ബി ടെക് മൂന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്ര ആന്‍ഡ് കോംപ്ലക്‌സ് അനാലിസിസ് പരീക്ഷയില്‍ വ്യാപകമായ കോപ്പിയടിയാണ് നടന്നത്. മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പുറത്തുള്ള സഹായികള്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ അയച്ചു കൊടുക്കുന്ന ഉത്തരങ്ങള്‍ പകര്‍ത്തി എഴുതുകയുമായിരുന്നു ഒട്ടേറെ വിദ്യാര്‍ഥികള്‍. കോപ്പിയടിയുമായി ബന്ധപ്പെട്ട് നാല് കോളജുകളില്‍ നിന്നായി 28 മൊബൈല്‍ ഫോണുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ ഫോണുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ ഹാളിലേക്ക് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ രണ്ട് ഫോണുകള്‍ കൊണ്ടുവന്ന് ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച് മറ്റേ ഫോണുമായാണ് കോപ്പിയടിക്കാര്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമായി അകലം പാലിക്കുന്നത് മുതലെടുത്താണ് കോപ്പിയടിയെന്നാണ് പറയപ്പെടുന്നതെങ്കിലും കൊവിഡ് ഇല്ലാത്ത കാലത്തും നടക്കാറുണ്ട് ഇത്തരം കൃത്രിമങ്ങളെന്നാണ് വിവരം. നാല് സ്ഥാപനങ്ങളില്‍ മാത്രമല്ല, മറ്റു കോളജുകളിലും കോപ്പിയടി നടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. കോപ്പിയടി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്.

എന്തുകൊണ്ട് സ്വാശ്രയ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ തൊഴില്‍ രംഗത്ത് നിന്ന് പുറംതള്ളപ്പെടുന്നുവെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്ന കോപ്പിയടി സംഭവം. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ കമ്പനികള്‍ നേരിട്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ഉയര്‍ന്ന തസ്തികകളില്‍ ജോലിക്കെടുക്കുന്നു. മത്സര പരീക്ഷകള്‍ എഴുതി ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ പഠിച്ചവരാണ്. സ്വാശ്രയ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബി ടെക് പഠിച്ചിറങ്ങുന്നവരില്‍ ഏറെയും തൊഴില്‍രഹിതരോ വൈദഗ്ധ്യം ആവശ്യമില്ലാത്ത ചുരുങ്ങിയ ശമ്പളമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരോ ആണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ താഴെ ക്ലാസുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ വരെയുണ്ട് കൂട്ടത്തില്‍. 42,597 എന്‍ജിനീയര്‍ ബിരുദധാരികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അവസരം കാത്തിരിക്കുന്നവര്‍. കേരളത്തില്‍ ആവശ്യത്തിലേറെ സ്വാശ്രയ എന്‍ജിനീയര്‍ കോളജുകളുണ്ടായിരിക്കെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഇന്നും എന്‍ജിനീയറിംഗ് പഠനത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവെന്നതും ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്.

സാങ്കേതിക മേഖലയില്‍ അഭിരുചിയുള്ളവരല്ല ഈ മേഖലയില്‍ പഠനത്തിനെത്തുന്നവരില്‍ നല്ലൊരു ശതമാനവും. ഏതാനും സര്‍ക്കാര്‍ കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലും ഒതുങ്ങിയതായിരുന്നു നേരത്തേ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പഠനം. പഠന നിലവാരം മെച്ചവുമായിരുന്നു അന്ന്. സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ ധാരാളമായി നിലവില്‍ വരികയും ഇടക്കാലത്ത് സീറ്റുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തപ്പോള്‍ എങ്ങനെയെങ്കിലും ക്വാട്ട തികച്ച് പരമാവധി തലവരിപ്പണം ഈടാക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ പല മാനേജ്‌മെന്റുകള്‍ക്കും ഉണ്ടായുള്ളൂ. ഇത് പഠന നിലവാരത്തെ സാരമായി ബാധിച്ചു. അപ്രാപ്തരായ ഗസ്റ്റ് അധ്യാപകരാണ് ഇത്തരം പല സ്ഥാപനങ്ങളിലും ക്ലാസെടുക്കുന്നവരില്‍ നല്ലൊരു പങ്കും. നിലവില്‍ ബി ടെക് പാസായവര്‍ക്ക് എന്‍ജിനീയറിംഗിന് അധ്യാപനം നടത്താന്‍ അനുവാദമുണ്ട്. പരീക്ഷകളില്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നതിന്റെ സാഹചര്യമിതാണ്. നിലവാര മികവ് ലക്ഷ്യമാക്കി എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല രൂപവത്കരിച്ച ശേഷം 2019 ജൂലൈയില്‍ പുറത്തുവന്ന ആദ്യ ബി ടെക് പരീക്ഷയിലെ വിജയ ശതമാനം 36.41 മാത്രമാണ്. 35,104 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,803 പേരാണ് വിജയിച്ചത്. 40 ശതമാനത്തില്‍ താഴെയാണ് സര്‍വകലാശാലക്ക് കീഴിലുള്ള 144 കോളജുകളില്‍ 112ലും വിജയ ശതമാനം. 11 കോളജുകളില്‍ 10 ശതമാനത്തില്‍ താഴെ നില്‍ക്കുന്നു. ഒരു വിദ്യാര്‍ഥി പോലും വിജയിക്കാത്ത രണ്ട് കോളജുകളുമുണ്ട്.

എന്‍ജിനീയറിംഗ് മേഖലയില്‍ മാത്രമല്ല, ആരോഗ്യ സര്‍വകലാശാല നടത്തുന്ന മെഡിക്കല്‍ പരീക്ഷയിലും സിവില്‍ സര്‍വീസ് പരീക്ഷയിലുമെല്ലാം നടക്കുന്നുണ്ട് കൃത്രിമങ്ങളും കോപ്പിയടിയും. 2016ല്‍ തിരുവനന്തപുരത്തെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജിലും 2015ല്‍ എം സി റോഡിലെ ഒരു സ്വാശ്രയ കോളജിലും കോപ്പിയടി പിടികൂടിയിരുന്നു. വയര്‍ലെസ് ബ്ലൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് അന്ന് ഏതാനും വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ എത്തിയത്. ചോദ്യങ്ങള്‍ ബ്ലൂടൂത്ത് വഴി പുറത്തുള്ള സഹായികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ഉത്തരങ്ങള്‍ തിരികെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന രീതിയാണ് അന്ന് പരീക്ഷിച്ചത്. കോളജ് അധികൃതരുടെ അറിവോടെയാണ് ഈ കൃത്രിമം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുമുണ്ടായി. സ്വാശ്രയ പ്രൊഫഷനല്‍ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടണമെങ്കില്‍ കാര്യക്ഷമമായ പ്രവേശന പരീക്ഷ നടത്തുകയും തദടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.