Connect with us

Business

ലുലു ഗ്രൂപ്പിന്റെ 195 ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബി ഖലീഫ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

അബൂദബി | ലുലു ഗ്രൂപ്പിന്റെ 195 ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബി ഖലീഫ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫോര്‍സാന്‍ സെന്‍ട്രല്‍ മാളിലാണ് 160,000 ചതുരശ്രയടി വലിപ്പമുള്ള പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ അബൂദബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടര്‍ ജനറല്‍ സായിദ് അല്‍ ബഹ്റി അല്‍ അമീരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, സി ഒ ഒ. വി ഐ സലീം പങ്കെടുത്തു.

ഖലീഫ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളായ അല്‍ ഫല, യാസ് ഐലന്റ്, അല്‍ റാഹ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലെയും ആളുകള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഈ ശാഖക്ക് കഴിയും. യു എ ഇ ഭരണനേതൃത്വത്തിന്റെ യഥാസമയമുള്ള ഇടപെടലുകള്‍ ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി രാജ്യത്ത് ലഭ്യമാക്കാന്‍ സഹായിച്ചതായി യൂസഫലി പറഞ്ഞു. കൊവിഡ് കാലത്തെ വെല്ലുവിളികള്‍ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്യുമെന്നും വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തിലും കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏഴ് ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളില്‍ തുറന്നത്. 2021 മാര്‍ച്ച് ആകുമ്പോഴേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 200 ആകും. കൂടാതെ ഇ-കൊമേഴ്സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി അബൂദബി ഐക്കാഡ് സിറ്റിയില്‍ ഫുള്‍ഫില്‍മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. യു എ ഇയില്‍ മാത്രം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതിലധികം ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ആരംഭിക്കുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Latest