പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും

Posted on: October 27, 2020 1:34 am | Last updated: October 27, 2020 at 1:34 am

തിരുവനന്തപുരം | സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകളും കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് വഴി ഡിജിറ്റല്‍/ ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കാന്‍ തീരുമാനം. ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം തുടങ്ങാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിക്കുകയായിരുന്നു. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം.

ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ ‘കിളിക്കൊഞ്ചല്‍’ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.

സമയലഭ്യത പ്രശ്‌നം ഉള്ളതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി സി ഇ ഒ. കെ അന്‍വര്‍ സാദത്ത് അറിയിച്ചു.