Connect with us

Articles

കുഞ്ഞുങ്ങള്‍ക്കൊരു പുഞ്ചിരിയാണ് നബി(സ)

Published

|

Last Updated

മഹാമാരിക്കിടയിലാണ് ഇത്തവണ വിശ്വാസികളുടെ മീലാദ് കാലം. മനുഷ്യ ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന തിരുജീവിതവും അവിടുത്തെ സന്ദേശങ്ങളുമാണ് നമുക്ക് എല്ലാകാലത്തും ഊര്‍ജം പകരേണ്ടത്. ലോകം മഹാമാരിയുടെ പിടിയിലകപ്പെട്ടപ്പോഴെല്ലാം മുത്ത് നബിയെയും തിരു മദ്ഹിനെയും മറുമരുന്നാക്കിയവരാണ് മുന്‍കാല മഹാരഥന്മാര്‍. ഈ മാരിക്കാലത്തും നമുക്കുള്ള ആശ്രയം മുത്ത് നബി(സ) തന്നെയാണ്.

നബി സ്‌നേഹത്തിന്റെ ഏറ്റവും മൂര്‍ത്തഭാവമെന്നത് തിരുനബിയെ പിന്തുടരുകയെന്നതാണ്. നന്മകള്‍ക്ക് മങ്ങലേല്‍ക്കുകയും തിന്മകള്‍ക്ക് തിളക്കം കൂടുകയും ചെയ്യുന്ന കാലത്ത് അവിടുത്തെ പാഠങ്ങളെ മുറുകെ പിടിക്കുകയെന്നതാണ് പോംവഴി. നമ്മുടെ കുഞ്ഞോമനകള്‍ക്ക് തിരുനബിയെ പരിചയപ്പെടുത്താന്‍ പറ്റിയ സമയമാണിത്. നാട്ടിന്‍പുറങ്ങളിലും മദ്‌റസകളിലും മുന്‍വര്‍ഷങ്ങളെപ്പോലെ റബീഇന് വലിയ ആരവങ്ങളൊന്നുമില്ലെന്ന് കരുതി അവര്‍ മുത്തുനബിയെ അറിയാതെ പോകരുത്. ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ നിസ്‌കാരം പഠിപ്പിക്കുന്നതിന് മുന്നേ അവര്‍ പഠിക്കേണ്ടത് മക്കയില്‍ ജനിച്ച് മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുത്ത് നബി(സ)യെ പറ്റിയാണ്. പുതിയ കാലത്തെ പുത്തന്‍ പരിവേഷങ്ങള്‍ക്ക് പിറകെ പായുന്ന രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈയൊരു അറിവ് പകരുന്നുണ്ടോയെന്നത് സംശയമാണ്.

സ്വന്തം കുഞ്ഞുങ്ങളോട് പോലും ഹൃദയ ബന്ധം പുലര്‍ത്താത്ത പുതിയകാല രക്ഷിതാക്കള്‍ക്ക് ഉത്തമ മാതൃകയാണ് തിരുനബി(സ). ഒരു കുഞ്ഞിക്കാല്‍ കാണാനാകാതെ കണ്ണീരൊഴുക്കുന്ന ഹതഭാഗ്യര്‍ നമുക്കിടയില്‍ ഏറെയുണ്ട്. ഇവര്‍ക്കിടയിലാണ് ദൈവം കനിഞ്ഞ കുഞ്ഞിനെ കൊല ചെയ്യാനായി പലരും കച്ചകെട്ടിയിറങ്ങുന്നത്. കുഞ്ഞുങ്ങളോടുള്ള കാരുണ്യവും മാതൃമഹിമയും എത്ര മനോഹരമായാണ് നബി ജീവിതം വരച്ചു കാട്ടുന്നത്. എത്ര തിരക്കുകളുള്ളവരാണെങ്കിലും കുഞ്ഞുങ്ങളോടൊത്തിരിക്കാനും അവരുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേരാനും നാം സമയം കണ്ടെത്തണം.

മുത്തുനബി(സ) കുട്ടികളുടെ കുസൃതികളില്‍ പങ്കുചേരാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ) സുജൂദിലായിരുന്ന സമയത്ത് പേരമക്കളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ അവിടുത്തെ ചുമലില്‍ കയറിയിരുന്നു. അവരെ ശാസിക്കുന്നതിന് പകരം സുജൂദിലേറെ നേരം ചെലവഴിച്ച് തിരുനബി അവര്‍ക്ക് സാവകാശം നല്‍കി. മറ്റൊരിക്കല്‍ ഹസന്‍(റ)വിനെ ചുമലിലേറ്റിപ്പോകുകയായിരുന്ന മുത്ത് നബിയെ കണ്ട ഒരാള്‍ പറഞ്ഞു: “കുഞ്ഞേ നീ കയറിയിരിക്കുന്ന വാഹനം എത്ര ശ്രേഷ്ഠമായതാണ്.” “യാത്രക്കാരനും നല്ലവന്‍ തന്നെ” എന്നാണ് നബി(സ) ഇതിനോട് പ്രതിവചിച്ചത്.

തന്റെ കുഞ്ഞുങ്ങളെ വേര്‍പിരിഞ്ഞിരിക്കുന്നത് നബിയെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. മുലപ്പാല്‍ കൊടുക്കാന്‍ മദീനയില്‍ നിന്ന് അകലെ കൊണ്ടുപോയ മകന്‍ ഇബ്‌റാഹീമിനെ കാണാനും ചുംബനമര്‍പ്പിക്കാനും നബി അനുചരന്‍മാരോടൊപ്പം അവിടം വരെ പോകാറുണ്ടായിരുന്നു.

മറ്റൊരിക്കല്‍ കുഞ്ഞുങ്ങളോടൊത്ത് കളി തമാശയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അവിടേക്ക് അഖ്‌റഅ ബിന്‍ ഹാബിസ കടന്നുവന്നത്. തിരുനബി മക്കളെ ചുംബിക്കുന്നത് കണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്ക് പത്ത് മക്കളുണ്ട്, പക്ഷേ അവരില്‍ ഒരാളെയും ഞാന്‍ ഇതുവരെ ചുംബിച്ചിട്ടില്ല”. “നിങ്ങളുടെ മനസ്സില്‍ നിന്ന് കാരുണ്യത്തെ എടുത്തുകളഞ്ഞതിന് ഞാന്‍ എന്ത് ചെയ്യണമെന്നായിരുന്നു” അപ്പോള്‍ തിരുനബിയുടെ മറുപടി.

വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കാനും നേട്ടങ്ങളില്‍ അഭിനന്ദിക്കാനും രക്ഷിതാക്കള്‍ മുന്‍പന്തിയില്‍ ഉണ്ടാകണം. തന്റെ കിളി ചത്തതോര്‍ത്ത് വ്യസനിച്ചിരിക്കുന്ന അബൂഉമൈറിന്റെ ചുണ്ടില്‍ പുഞ്ചിരി വിടരുവോളം ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞ പ്രവാചക പാഠങ്ങള്‍ എത്ര മഹത്തരമാണ്.

കാര്‍ക്കശ്യവും കുറ്റപ്പെടുത്തലുകളുമില്ലാതെ മൃദുലമായ ഭാഷയില്‍ അവരെ സമീപിക്കാന്‍ നമുക്കാകണം. തെറ്റ് പറ്റുമ്പോള്‍ അടച്ചാക്ഷേപിക്കാതെ സൗമ്യമായി തിരുത്താനാകണം. പരിഗണന എല്ലാവരെയും പോലെ അവരും ആഗ്രഹിക്കുന്നു. അവഗണനയും മൗനവും ഏറെ അപകര്‍ഷതാ ബോധത്തിലേക്ക് നയിക്കാന്‍ കാരണമാകും. ഇതിനര്‍ഥം നിയന്ത്രണങ്ങളില്ലാതെ അവരെ സ്വതന്ത്രരായി പറക്കാന്‍ വിടണമെന്നല്ല. മറിച്ച്, തിരുനബി കാണിച്ചതുപോലോത്ത ഒരു ഊഷ്മളമായ ബന്ധം നമുക്കും നിലനിര്‍ത്താനാകണം. ഒരു പിതാവും തന്റെ മകന് നല്ല പെരുമാറ്റ ഗുണത്തേക്കാളും ഉത്തമമായ ഒരു സമ്മാനവും നല്‍കിയിട്ടില്ലെന്ന തിരുവചനം മക്കളെ മെരുക്കിയെടുക്കേണ്ട മാതാപിതാക്കളുടെ മനസ്സില്‍ എപ്പോഴുമുണ്ടാകണം. നബിചര്യകളെ ജീവിതത്തില്‍ പകര്‍ത്താന്‍ ഈ റബീഉല്‍ അവ്വല്‍ മാസം കാരണമാകണം.

പ്രിന്‍സിപ്പല്‍ ഇമാം ബുഖാരി ദഅവാ കോളേജ്, കൊണ്ടോട്ടി

---- facebook comment plugin here -----

Latest