സോഷ്യല്‍ മീഡിയയില്‍ സഭ്യമില്ലാതെ പെരുമാറുന്നതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല: കെ പി എ മജീദ്

Posted on: October 22, 2020 8:28 pm | Last updated: October 22, 2020 at 11:28 pm

മലപ്പുറം | മുസ്ലിം ലീഗിന്റെ സൈബര്‍ വക്താക്കളായോ ഐ ടി സെല്‍ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുന്നതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയേയോ സംഘത്തേയോ ഏല്‍പിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ലീഗ് ഐ ടി സെല്ലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യാസര്‍ എടപ്പാള്‍ എന്നയാളുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള അസഭ്യവര്‍ഷവും ഇടപെടലുകളും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കെ പി എ മജീദിന്റെ പ്രതികരണം. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അസഭ്യവര്‍ഷത്തിലൂടെയും അല്ലാതെയും പോരാടുന്ന ‘കൊണ്ടോട്ടി അബു’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ കൂടിയാണ് യാസര്‍ എടപ്പാള്‍.

രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങള്‍ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കു വേണ്ടി മാന്യമായും നിസ്വാര്‍ത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സേവനവും വിലമതിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവര്‍ഷം നടത്തി വേട്ടയാടുന്ന സി പി എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ…

Posted by K.P.A Majeed on Thursday, October 22, 2020