Connect with us

Kerala

ആരോഗ്യ വിദ്യാഭ്യാസവും നല്‍കുന്ന ഇടമാകണം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍: മന്ത്രി ശൈലജ

Published

|

Last Updated

തിരുവല്ല | ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ആരോഗ്യ വിദ്യാഭ്യാസവും നല്‍കുന്ന ഇടമാകണം കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി കെ കെ ശൈലജ. നിരണം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊവിഡ് നമ്മൈ വിട്ടുപോയിട്ടില്ല. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് ആറുവരെ ലഭ്യമാകും.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, ഫാര്‍മസി, ശിശുസൗഹൃദ പ്രതിരോധ കുത്തിവെപ്പു കേന്ദ്രം, പൊതുജനാരോഗ്യ വിഭാഗം, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്ലിനിക്ക്, വയോജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേക ക്ലിനിക്ക്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം, ഇഹെല്‍ത്ത് പ്രോഗ്രാം എന്നിവ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, നിരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എച്ച് ഷമീന, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സി ജി ശ്രീരാജ്, നിരണം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിംബി ഹരിഹരദാസ് പങ്കെടുത്തു.