ഭൂമിയിലെ മിഥേന്‍ അളവ് വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങള്‍

Posted on: October 21, 2020 8:16 pm | Last updated: October 21, 2020 at 8:16 pm
ഇന്ത്യയുടെ അന്തരീക്ഷത്തിലെ മിഥേൻ സാന്നിധ്യം

വാഷിംഗ്ടണ്‍ | ഭൂമിയുടെ അന്തരീക്ഷത്തിലെ മിഥേന്‍ സാന്നിധ്യം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. കാര്‍ബണ്‍ ഡയോക്‌സൈഡിനെ പോലെ മിഥേനും അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. നിലവില്‍ ആഗോളതലത്തില്‍ മിഥേന്‍ അളവിന്റെ പ്രതിമാസ ശരാശരി ഒരോ നൂറ് കോടിക്കും 1876 ഭാഗങ്ങള്‍ക്ക് മുകളിലാണ്.

 

വളരെ വേഗത്തില്‍ മിഥേന്‍ വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രലോകത്തിന് പൂര്‍ണമായും പിടികിട്ടിയിട്ടില്ല. ഫോസില്‍ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട വായുവിലേക്കുള്ള പുറന്തള്ളല്‍ മിഥേന്‍ വര്‍ധിക്കുന്നതിന് പ്രധാന ഘടകമാണെങ്കിലും നിരവധി പ്രകൃതി സ്രോതസ്സുകളുമുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ മിഥേന്‍ ഉയരുന്നത് അവഗണിക്കാന്‍ സാധിക്കില്ല.

നൂറ് വര്‍ഷത്തെ സമയപരിധി അടിസ്ഥാനമാക്കിയാല്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് കാരണമുള്ള ആഗോളതാപനത്തേക്കാള്‍ 30 ഇരട്ടിയാണ് മിഥേന്‍ കാരണമായുണ്ടാകുക. അതിനാല്‍ മിഥേന്‍ അന്തരീക്ഷത്തിലേക്ക് അനാവശ്യമായി പുറന്തള്ളുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ജിഎച്ച്‌സാറ്റ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.