Connect with us

Covid19

പ്രസംഗങ്ങളും, ഉപദേശങ്ങളുമല്ലാതെ എന്ത് നടപടിയെടുത്തു- മോദിയോട് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ കൊവിഡ് പ്രതിരോധ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രഭാഷണങ്ങളും ഉപദേശങ്ങളുമല്ല വൈറസിനെ നേരിടാന്‍ ശക്തമായ നടപടികളാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയും പവര്‍ ഖേരയും പറഞ്ഞു. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷംഏഴാമതും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് 21 ദിവസത്തിനുള്ളില്‍ വൈറസിനെ നിഷ്ഫലമാക്കുമെന്നായിരുന്നു. എന്നാല്‍ രാജ്യം ഇന്ന് ലോകത്തിന്റെ “കൊവിഡ് തലസ്ഥാനമായി” മാറി. പ്രതിരോധത്തിലെ പരാജയത്തിന് പ്രധാനമന്ത്രി ഉത്തരം നല്‍കണം. പകര്‍ച്ചവ്യാധിയുടെ കലുഷിതമായ അവസ്ഥയെ എങ്ങനെ നിയന്ത്രിക്കാമെന്ന് ദയവായി രാജ്യത്തോട് പറയുക. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കും? അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോയെന്നും ഇരു നേതാക്കളും ചോദിച്ചു.

കൊറോണ്‌ക്കെതിരായ പോരാട്ടം നടക്കുമ്പോള്‍, നേതാവ് അദൃശ്യനായിത്തീര്‍ന്നിരിക്കുന്നു. ടി വിയില്‍ പ്രസംഗങ്ങള്‍ മാത്രമാണ് കാണുന്നത്. പ്രഭാഷണം നടത്തുന്നത് ഏളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, വ്യക്തമായ പരിഹാരമാണെന്നും ഇവര്‍ പറഞ്ഞു.

ഇന്നലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് മോദി ഉപദേശങ്ങള്‍ നല്‍കിയിരുന്നു. ഉത്സവ കാലത്ത് കൊവിഡ് വ്യാപനം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും എല്ലവരും മാസ്‌ക് ധരിക്കണമെന്നുമായിരുന്നു ഉപദേശം.

Latest