Connect with us

Ongoing News

എറിഞ്ഞൊതുക്കി, അടിച്ചെടുത്തു; രാജകീയം രാജസ്ഥാൻ

Published

|

Last Updated

അബുദാബി |  മുഖാമുഖം ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന് വിജയം. കഴിഞ്ഞ മത്സരത്തിലെ വിജയം 16 റൺസിനായിരുന്നുവെങ്കിൽ ഇത്തവണ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ രാജകീയ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയെ കുറഞ്ഞ സ്‌കോറിൽ പിടിച്ചുകെട്ടിയ രാജസ്ഥാൻ റോയൽസ് ജോസ് ബട്ലറുടെ അർധ സെഞ്ചുറിയുടെ ബലത്തിൽ ധോനിപ്പടക്ക് സീസണിൽ പുറത്തേക്കുള്ള വഴി എളുപ്പമാക്കി. സ്കോർ: ചെന്നൈ 125/5(20),  രാജസ്ഥാൻ 126/3 (17.3).

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക്  ക്യാപ്റ്റൻ എം എസ് ധോനിയുടെയും ജഡേജയുടെയും മാത്രം പിൻബലത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനായുള്ളൂ. 35 റൺസെടുത്ത് പുറത്താകാതെ നിന്ന ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. എം എസ് ധോനി 28 റൺസെടുത്തു. ആദ്യ പത്തോവറിൽ ഇഴഞ്ഞ് നീങ്ങി 56 റൺസ് മാത്രം നേടിയ ചെന്നൈക്ക് രണ്ടാം പകുതിയിലും കാര്യമായി റൺസ് കണ്ടെത്താനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 15 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 28 റൺസെടുക്കുന്നതിനിടെ ബെൻ സ്റ്റോക്ക്സ്(19), റോബിൻ ഉത്തപ്പ (നാല്), സഞ്ചു സാംസൺ (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാനെ ജോസ് ബട്ലറും (48 പന്തിൽ 70) സ്റ്റീവ് സ്മിത്തുമാണ് (34 പന്തിൽ 26) വിജയ തീരത്തെത്തിച്ചത്. ചെന്നൈക്കെതിരായ ആദ്യമത്സരത്തിൽ 32 പന്തിൽ 74 നേടിയ മലയാളി താരം സഞ്ചു സാംസണ് മൂന്നു പന്തുകൾ നേരിട്ട് റൺസെടുക്കാതെ മടങ്ങേണ്ടി വന്നു.

തുടക്കം പിഴച്ചു

സാം കറനും ഫാഫ് ഡൂപ്ലെസിയും ചേർന്ന ഒാപണിംഗ് ബാറ്റിംഗ് വളരെ പതുക്കെയായിന്നു. കരുതലോടെ കളിച്ച ഇരുവരും അങ്കിത് രജ്പുത്തിനെതിരെ അടിച്ചുകളിക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡൂപ്ലെസിയെ (ഒന്പത് പന്തിൽ പത്ത്) ബട്ട്്ലറുടെ കൈകളിലെത്തിച്ച് ആർച്ചർ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
യുവ താരം കാർത്തിക് ത്യാഗിക്കെതിരെ രണ്ട് ബൗണ്ടറിയടിച്ച് വരവറിയിച്ച ഷെയ്ൻ വാട്‌സനെ തൊട്ടടുത്ത പന്തിൽ രാഹുൽ തിവാത്തിയയുടെ കൈകകളിലെത്തിച്ച് ത്യാഗി തിരിച്ചടിച്ചു. മൂന്ന് പന്തിൽ എട്ട് റൺസാണ് വാട്സൻ നേടിയത്. റായുഡുവും സാം കറനും പിടിച്ചു നിന്ന് സ്‌കോർ 50 കടത്തി. സാം കറനെ(25 പന്തിൽ 22) വീഴ്ത്തി ശ്രേയസ് ഗോപാൽ ചെന്നൈയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ അന്പാട്ടി റായുഡുവിനെ(13) മടക്കി.

കരകയറ്റി ധോനിയും ജഡേജയും

8.2 ഒാവറിൽ 56/4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കരകയറ്റാനുള്ള ദൗത്യം ജഡേജയും ക്യാപ്റ്റൻ എം എസ് ധോനിയും ഏറ്റെടുത്തു. 50 റൺസ് കൂട്ടുുയർത്തി ഇരുവരും ചേർന്ന് ചെന്നൈയെ നൂറ് കടത്തി. പതിനെട്ടാം ഓവറിൽ ധോനി (28 പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ 28) റണ്ണൗട്ടായതോടെ വമ്പൻ സ്‌കോറെന്ന ചെന്നൈയുടെ സ്വപ്നവും അവസാനിച്ചു. 30 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്ന ജഡേജയുടെ പോരാട്ടമാണ് ചെന്നൈയെ 125ൽ എത്തിച്ചത്. രാജസ്ഥാൻ റോയൽസിനായി ആർച്ചറും കാർത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും രാഹുൽ തിവാത്തിയയും ഓരോ വിക്കറ്റ് വീഴ്ത്തി.

Latest