Connect with us

Kerala

കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടം; ആത്മസമര്‍പ്പണത്തിന്റെ ഫലം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗം സംസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടതു മുതല്‍ രോഗവ്യാപനം ഉച്ചസ്ഥായിയില്‍ എത്തുന്നത് പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഗുണഫലങ്ങള്‍ പലതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ഒന്നാമത്തെ കാര്യം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു.

ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ചസ്ഥായിയാല്‍ എത്തിയപ്പോള്‍ സംഭവിച്ച ദുരന്തത്തിന്റെ ആഘാതം എത്രമാത്രമായിരുന്നു എന്നു നമ്മള്‍ കണ്ടതാണ്. രോഗബാധിതരായവരില്‍ നൂറില്‍ 14 പേര്‍ വരെ മരിക്കുന്ന അവസ്ഥ അവിടെ സംജാതമായി. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുമ്പിലുണ്ട്.
ഇറ്റലിയില്‍ നിന്നും രണ്ടാംഘട്ടത്തില്‍ രോഗം സംസ്ഥാനത്തെത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തില്‍ മാര്‍ച്ച് 15നകം തന്നെ നമ്മള്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടു വന്നു. ലോക്ഡൗണ്‍ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണ്.
കേരളത്തില്‍ മരണനിരക്ക് ആദ്യമേ കുറവായിരുന്നു എന്നു മാത്രമല്ല, കൊവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന ഈ സമയത്ത് മരണ നിരക്ക് കുറയുന്നതായാണ് കാണുന്നത്.

ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍, ജീവിതോപാധികള്‍ ആരോഗ്യ സംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത്.

മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത് ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്തംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നതെന്നും അല്ലാതെ കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് കിട്ടിയ അംഗീകാരങ്ങള്‍ ജീവനുകള്‍ രക്ഷിക്കാനായി നമ്മള്‍ നടത്തിയ ആത്മസമര്‍പ്പണത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസ്സിലാക്കാന്‍ തയാറാകാതേയും മനസ്സിലാക്കിയാല്‍ തന്നെ അതു മറച്ചു വച്ചു കൊണ്ടും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Latest