കേരളം പാഠമാകണമെന്നാണ് ഉദ്ദേശിച്ചത്; തെറ്റിദ്ധാരണ മാറ്റാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു: മന്ത്രി കെ കെ ശൈലജ

Posted on: October 18, 2020 7:37 pm | Last updated: October 19, 2020 at 10:04 am

തിരുവനന്തപുരം |  ഏറ്റവും മോശമായ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെന്ന വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഓണഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യം ചൂണ്ടിക്കാട്ടികൂടിച്ചേരലുകള്‍ ഉണ്ടായാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞതെന്ന്  മന്ത്രി കെ കെ ശൈലജ പറഞ്ഞു

കൊവിഡ് ബാധ ഉണ്ടായ നാള്‍ മുതല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശാസ്ത്രീയമാണെന്നുംശരിയായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാന്‍ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ്അദ്ദേഹം പറഞ്ഞതെന്ന് ശൈലജ പറഞ്ഞു.

മറ്റുസംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാല്‍ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന അര്‍ഥത്തിലാണ് അത് സൂചിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത് മന്ത്രിയുടെ ഈ പ്രസ്താവനയോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു.

രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചുളള മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവെന്നുളള കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.