Connect with us

Achievements

തഹജ്ജുദ് നിസ്‌കരിച്ച് പഠിക്കാനിരിക്കും; സോഷ്യല്‍ മീഡിയയെ മാറ്റിനിര്‍ത്തി... ആഇഷയുടെ വിജയകഥ ഇങ്ങനെ

Published

|

Last Updated

കോഴിക്കോട് | നീറ്റ് പരീക്ഷയില്‍ രാജ്യത്ത് പന്ത്രണ്ടാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ് ആഇഷക്ക് പറയാനുള്ളത് പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയകഥ. ആത്മവിശ്വാസം കൈവിടാതെ പരിശ്രമിച്ചാല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കാമെന്ന് ഈ മിടുക്കി തെളിയിച്ചിരിക്കുന്നു. ഭാവി തലമുറയോട് അവള്‍ക്ക് ഉപദേശിക്കാനുള്ളതും ആത്മവിശ്വാസത്തോടെ ശ്രമിക്കൂ, നേട്ടങ്ങള്‍ സ്വന്തമാക്കാം എന്ന് തന്നെ.

എപി അബ്ദുല്‍ റസാഖ് – ശമീമ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളായ ആഇഷ നീറ്റ് പരീക്ഷ എഴുതുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ പരീക്ഷയില്‍ 15,429 ആയിരുന്നു റാങ്ക്. പക്ഷേ അതില്‍ തൃപ്തിപ്പെടാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. അടുത്ത തവണ ആദ്യ നൂറ് റാങ്കില്‍ ഒന്നെങ്കിലും നേടണമെന്ന വാശി മനസ്സിലുറപ്പിച്ച് അവള്‍ തുനിഞ്ഞിറങ്ങി. ആ പരിശ്രമമാണ് ആഇഷയെ ഇന്ന് ജേതാവാക്കിയത്.

ചിട്ടയോടെയുള്ള പഠനം. അതായിരുന്നു ആഇഷയുടെ വിജയഫോര്‍മുല. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ച് പുസ്തകങ്ങളോട് ചങ്ങാത്തം കൂടിയ അവള്‍ ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ പഠനത്തില്‍ മുഴുകി. സോഷ്യല്‍ മീഡിയയിലും അനാവശ്യ കളിതമാശകളിലും അഭിരമിക്കുന്നതിന് പകരം പുസ്തകങ്ങളിലും പഠനത്തിലുമാണ് അവള്‍ ഹരം കണ്ടെത്തിയത്. ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന ഉള്‍ക്കരുത്തും ആത്മവിശ്വാസവുമായിരുന്നു ആഇഷയുടെ കൈമുതല്‍. അതിന് മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പൂര്‍ണ പിന്തുണയും ലഭിച്ചു. ഒടുവില്‍ ഭാഗ്യം തേടിയെത്തിയപ്പോള്‍ ആഇഷക്ക് പറയാനുള്ളത് ഒരു വാക്ക് മാത്രം. “അല്‍ഹംദുലില്ല…” സര്‍വശക്തന് സ്തുതി.

പൊതുവിദ്യാലയത്തിൽ പഠിച്ചാണ് ആയിഷ ഉന്നത റാങ്ക് നേടിയതെന്നതും ഈ വിജയത്തിന് തിളക്കം കൂട്ടുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആഇഷയുടെ ഹൈസ്‌കൂള്‍ പഠനം. പിന്നീട് കൊയിലാണ്ടി ബോയ്‌സില്‍ പ്ലസ്ടു. അതിന് ശേഷം കോഴിക്കോട് റെയ്‌സില്‍ എന്‍ട്രന്‍സ് പരിശീലനം കൂടി ആയപ്പോള്‍ ആഇഷക്ക് വഴികള്‍ എളുപ്പമായി.

ഡല്‍ഹി എയിംസില്‍ ചേര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ആഇഷയുടെ ഏറ്റവും വലിയ സ്വപ്‌നം. ഹൃദയാരോഗ്യ വിദഗ്ധയാകണമെന്നാണ് അവളുടെ മനസ്സ് പറയുന്നത്. ആ സ്വപ്‌നം കൈവെള്ളയില്‍ ഒതുക്കി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് ഈ മിടുക്കി.

Latest