പുതുപ്പള്ളി വാഹനാപകടം; മരണം നാലായി

Posted on: October 17, 2020 1:12 pm | Last updated: October 17, 2020 at 1:12 pm

കോട്ടയം |  പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പത്തു വയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ മരിച്ച ജലജയുടെ മകനാണ് അമിത്.

ഗുരുതരമായി പരുക്കേറ്റ ജലജയുടെ സഹോദരി ജയന്തിയുടെ മകന്‍ അതുല്‍ (11) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.40 നു പുതുപ്പള്ളി -ഞാലിയാകുഴി റോഡില്‍ കൊച്ചാലുംമൂട് വടക്കേക്കര സ്‌കൂളിനു മുന്നിലായിരുന്നു അപകടം.

ചങ്ങനാശേരിയില്‍നിന്ന് ഏറ്റുമാനൂരിലേക്കുപോയ കെഎസ്ആര്‍ടിസി ബസില്‍ എതിരെ വന്ന മാരുതി 800 ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍ സീറ്റിലിരുന്ന രണ്ടു പേരെ കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.

മുരിക്കുംവയല്‍ പ്ലാക്കിപ്പടി കുന്നപ്പള്ളിയില്‍ കുഞ്ഞുമോന്റെ മകന്‍ കെ.കെ. ജിന്‍സ് (33), പിതൃസഹോദരീ ഭര്‍ത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകള്‍ ചാന്നാനിക്കാട് മൈലുംമൂട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണു മരിച്ചത്.