ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം: നിലപാട് വ്യക്തമാക്കാന്‍ കാനം ഇന്ന് കോടിയേരിയെ കാണും

Posted on: October 17, 2020 8:33 am | Last updated: October 17, 2020 at 12:12 pm

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐയെ അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളുമായി സിപിഎം. ജോസിന്റെ മുന്നണി പ്രവേശത്തിന് സിപിഐയില്‍ ധാരണയായിട്ടുണ്ടെങ്കിലും നിയമസഭാ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലെ അവ്യക്തതയാണ് സിപിഐയെ ആശങ്കയിലാക്കുന്നത്.് സിപിഐയുടെ നിലപാടറിയിക്കാന്‍ കാനം രാജേന്ദ്രന്‍ ഇന്ന് കോടിയേരി ബാലകൃഷ്ണനെ കണ്ടേക്കുമെന്ന് സൂചനകളുണ്ട്. ജോസിനെ ഉടനടി മുന്നണിയിലെടുക്കേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാകാം മുന്നണി പ്രവേശമെന്ന അഭിപ്രായം സിപിഐക്കുണ്ട്.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കി കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍ നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച് ഇനിയും സമവായം ആയിട്ടില്ല.

ഇന്നലെ എ കെ ജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് ഊഷ്മളമായ സ്വീകരണമാണ് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.