Ongoing News
ഡി കോക്കിന്റെ വെടിക്കെട്ട്; കൊല്‍ക്കത്തയെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ

അബൂദബി | ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത മുന്നില്‍ വച്ച 148 റണ്‍സ് 16.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
പുറത്താകാതെ 44 പന്തില്‍ 78 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. ഒമ്പത് ഫോറും മൂന്നു സിക്‌സും ഡി കോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മ (36ല്‍ 35) കോക്കിന് ശക്തമായ പിന്തുണ നല്‍കി. 94 റണ്‍സാണ് ഡി കോക്ക്-രോഹിത് സഖ്യം നേടിയത്. രോഹിത് പുറത്തായ ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ, 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 148 റണ്‍സെടുത്തത്. മുംബൈയുടെ കിടയറ്റ ബൗളിംഗും ഫീല്‍ഡിംഗും കൊല്‍ക്കത്തയെ വരിഞ്ഞുകെട്ടുകയായിരുന്നു. 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതമാണ് പാറ്റ് 53ല്‍ എത്തിയത്. നായകന്‍ ഒയിന്‍ മോര്‍ഗന്‍ 29 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
രാഹുല്‍ തൃപാഠി (ഏഴ്), നിതീഷ് റാണ (അഞ്ച്) എന്നിവര്‍ പരാജയമായി. ശുഭ്മാന്‍ ഗില്‍ 23 പന്തില്‍ 21 ഉം ആന്ദ്രേ റസല്‍ ഒമ്പത് പന്തില്‍ 12 ഉം റണ്‍സെടുത്ത് പുറത്തായി.