ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചൈന ഇടപെടേണ്ട; വിദേശകാര്യ വക്താവ്

Posted on: October 15, 2020 9:47 pm | Last updated: October 16, 2020 at 7:56 am

ന്യൂഡല്‍ഹി | ലഡാക്ക് ഇന്ത്യയുടെ ഭാഗമായി കരുതുന്നില്ലെന്ന ചൈനയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. ലഡാക്ക് എല്ലാകാലവും ഇനിയും ഇന്ത്യയുടെ അഭിവാജ്യഘടകമായി തുടരും. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ അഭിപ്രായം പറയാന്‍ ചൈനക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴാം സൈനിക തല ചര്‍ച്ചക്ക് ശേഷമായിരുന്നു ചൈനയുടെ വിവാദ പ്രസ്താവന.

അതിനിടെ സൈനികരോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ പ്രസിഡന്റ് ഷീ ജിന്‍പിംഗ് ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാന്‍ കടലിടുക്കിലൂടെ അമേരിക്കന്‍ നാവിക സേന കപ്പല്‍ കടന്നുപോയ പശ്ചാത്തലത്തിലായിരുന്നു ഷീ ജിന്‍പിംഗിന്റെ നിര്‍ദേശം. സൈനികര്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ മനസും ഊര്‍ജവും പൂര്‍ണമായും യുദ്ധത്തിന് തയാറായ നിലയിലാകണമെന്നും ഷാസൂ നഗരത്തിലെ സൈനികരെ സന്ദര്‍ശിക്കവേ ഷീ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.