Connect with us

National

ഹത്രാസ് കേസ്: സുപ്രീം കോടതി നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി. കേസില്‍ ഇന്ന് യു പി സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയായതോടെയാണ് വിധി പറയാന്‍ മാറ്റിയത്. വിധിപ്രസ്താവത്തിന്റെ തീയതി പിന്നീട് അറിയിക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹരജികള്‍ നേരിട്ട് പരിഗണിച്ചത്.
യു പി പോലീസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ സുരക്ഷ, നിയമസഹായം തുടങ്ങിയവ വിശദീകരിക്കുന്ന സത്യവാങ്മൂലങ്ങള്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീടിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അഭിഭാഷകയായി അഡ്വ. സീമ കുശ്‌വാഹയെ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഒരു സര്‍ക്കാര്‍ അഭിഭാഷകനെ കൂടി നിയോഗിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹരീഷ് സാല്‍വെ വ്യക്തമാക്കി.

കേസ് വിചാരണ യു പിക്ക് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം അഡ്വ. സീമ കുശ്‌വാഹ മുന്നോട്ടുവച്ചു. ഉത്തര്‍പ്രദേശില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിംഗ് വാദിച്ചു. എഫ് ഐ ആറില്‍ നമ്പര്‍ പോലുമിട്ടിട്ടില്ലെന്നും കേസന്വേഷണം അട്ടിമറിക്കപ്പെട്ട സ്ഥിതിയിലാണെന്നും അവര്‍ പറഞ്ഞു. കോടതിയുടെ നേതൃത്വത്തിലായിരിക്കണം കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടത്. കേസിനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. സാക്ഷികളുടെ സംരക്ഷണം സി ആര്‍ പി എഫ് ഏറ്റെടുക്കണം- ജയ്‌സിംഗ് ആവശ്യപ്പെട്ടു.

Latest