മൃതദേഹ സംസ്‌കരണ പ്രോട്ടോകോളില്‍ ഇളവനുവദിക്കണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

Posted on: October 14, 2020 8:26 pm | Last updated: October 15, 2020 at 9:48 am

കോഴിക്കോട് | കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളില്‍ ഇളവ് വേണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തയച്ചു.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിര്‍ദേശപ്രകാരം കോവിഡ് ബാധിച്ച വ്യക്തികളില്‍ മതപരവും സാമൂഹികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അനുവദിക്കുന്നുണ്ട്. പി.പി.ഇ കിറ്റടക്കമുള്ള നിയമങ്ങള്‍ പാലിച്ച് മൃതദേഹം കാണാനും, കയ്യുറ പോലുള്ള ശരീരത്തില്‍ ജലസ്പര്‍ശനം അസാധ്യമാക്കുന്ന വസ്തുക്കള്‍ ധരിച്ചു കുളിപ്പിക്കാനും, മറമാടാനും ലോകാരോഗ്യ സംഘടന 2020 മാര്‍ച്ച് 24 ന് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ അനുവദിക്കുന്നു. എന്നാല്‍, മൃതശരീരം കുളിപ്പിക്കാനോ, മതാചാര പ്രകാരം വസ്ത്രം ചെയ്യിക്കാനോ സാധ്യമാകാത്ത വിധത്തിലുള്ള നിലവിലുള്ള നിയമങ്ങള്‍ മരണപ്പെട്ടവരോടുള്ള അനാദരവുണ്ടാക്കുന്നവയാണ്.

മരണപ്പെട്ടവരെ ഏറ്റവും ബഹുമാനത്തോടെ പരിഗണിക്കുന്ന സമീപനമാണ് എല്ലാ മതങ്ങളും സ്വീകരിച്ചിട്ടുള്ളത്. മാത്രമല്ല, കടുത്ത രോഗാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നവരെ മരണാനന്തരം ആചാര പ്രകാരം ചടങ്ങുകള്‍ നടത്താന്‍ സാധിക്കില്ല എന്ന കാര്യം വിഷമത്തിലാക്കുന്നു. അതിനാല്‍, ലോകാരോഗ്യ സംഘടന പുറപ്പെടുവിപ്പിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, ആരോഗ്യവാന്മാരായ ആളുകള്‍ക്ക്, മൃതദേഹങ്ങളില്‍ മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ രാജ്യത്തെ പ്രോട്ടോകോളില്‍ ഭേദഗതി വരുത്തണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.