Connect with us

Kerala

ദേശീയപാത വികസനത്തില്‍ കേരളം നടത്തുന്നത് വലിയ മുന്നേറ്റം; അടിസ്ഥാന സൗകര്യ വികസനത്തില്‍ നാഴികക്കല്ലാകും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ദേശീയപാത വികസനത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴക്കൂട്ടം-മുക്കോല പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഉദ്ഘാടനവും മറ്റ് ഏഴു പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഇന്ന് നിര്‍വഹിച്ചു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക നല്‍കാന്‍ സമ്മതിച്ച ഏക സംസ്ഥാനം കേരളമാണ്. ഇതിനകം 452 കോടി രൂപ ഇതിനായി സംസ്ഥാനം കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന റോഡ് വികസന പദ്ധതികള്‍ക്കാണ് തുടക്കമായത്.

17 പാക്കേജുകളായാണ് കേരളത്തിലെ ദേശീയപാത വികസനം നടക്കുന്നത്. ബാക്കിയുള്ള ഒമ്പത് പാക്കേജുകള്‍ക്കുള്ള അനുമതിയും ഈ സാമ്പത്തികവര്‍ഷം തന്നെ നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവും റോഡ് സാന്ദ്രതയുള്ള സംസ്ഥാനമെങ്കിലും ദേശീയപാതകള്‍ കേരളത്തില്‍ താരതമ്യേന കുറവാണ്. ഇത് പരിഹരിക്കാന്‍ 12 റോഡ് സ്‌ട്രെച്ചുകളുടെ പ്രോജക്ട് റിപ്പോര്‍ട്ടിന് അനുമതി നല്‍കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ട്.

ഒരു ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റി കേരളത്തില്‍ ദേശീയപാതകള്‍ വികസിപ്പിക്കാനാവില്ല എന്നു ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. വിജ്ഞാപന കാലാവധി അവസാനിച്ച് തുടര്‍നടപടി അനിശ്ചിതത്വത്തിലായപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് പ്രധാന മന്ത്രിയെയും കേന്ദ്രമന്ത്രിയെയും പലവട്ടം സമീപിച്ചു. ദേശീയപാത വികസനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മികച്ച പിന്തുണയാണ് നല്‍കിയതെന്നും അതില്‍ അദ്ദേഹത്തോടുള്ള നന്ദി പ്രത്യേകം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റെടുക്കാന്‍ കഴിയില്ല എന്നു കരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെയാണ് ഏറ്റെടുത്തത്. ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും ഓരോ ഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്.
കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ 27 കിലോമീറ്റര്‍ പൂര്‍ത്തിയായതോടെ തമിഴ്‌നാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് റോഡിന്റെ ആദ്യഘട്ടം യാഥാര്‍ഥ്യമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയിടങ്ങളിലേക്കുള്ള യാത്ര ഈ പാത സുഗമമാക്കും. ഇതോടൊപ്പം 11,571 കോടി ചെലവില്‍ ദേശീയപാത 66 ലെ ആറ് റീച്ചുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹൈവേകളെല്ലാം ആറുവരി പാതയാണ്. ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന ഈ പദ്ധതികള്‍ക്കൊപ്പമാണ് ഇടുക്കിയില്‍ ചെറുതോണി പാലത്തിന്റെ നിര്‍മാണോദ്ഘാടനവും നടന്നത്.

ദേശീയപാത വികസന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ ചടങ്ങില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പ്രകീര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഇന്നലെ നിര്‍വഹിച്ചത് ഇതോടൊപ്പം പറയേണ്ടതാണ്. നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായാണ് ഈ ഉദ്ഘാടനവും നടന്നത്. എ സി റോഡിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധാരണം നടത്തുന്നത്. നവീകരിക്കുന്ന റോഡിനും ഫ്‌ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടാകും.

എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ച് സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കും. കുറച്ച് ദൂരത്തില്‍ മാത്രം വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് ഒമ്പത് സ്ഥലങ്ങളില്‍ കോസ്വേ നല്‍കിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്റനന്‍സ് തുക ഉള്‍പ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂര്‍ത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിക്കുകയാണ്. പ്രളയ കാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1,883 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികള്‍ തടസ്സമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ്. നബാര്‍ഡിന്റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9,530 കിലോമീറ്ററോളം റോഡുകള്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കി. 1,451 കോടി രൂപ മുതല്‍ മുടക്കി 189 റോഡുകള്‍ മൂന്നുമാസത്തിനകം സംസ്ഥാനത്ത് ഗതാഗതത്തിന് തുറക്കും. 158 കിലോമീറ്റര്‍ കെ എസ് ടി പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില ഫ്‌ളൈ ഓവര്‍ ഉള്‍പ്പടെ 21 പാലങ്ങള്‍, 671 കോടിയുടെ കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest